Connect with us

International

ഗാസ ഏറ്റെടുക്കാൻ യുഎസ് തയാറാണെന്ന നിർണായക പ്രഖ്യാപനവുമായി ട്രംപ്.

Published

on

വാഷിങ്ടൻ : ഗാസ മുനമ്പ് ഏറ്റെടുക്കാൻ യുഎസ് തയാറാണെന്ന നിർണായക പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ഇരുനേതാക്കളും നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം. ഗാസയെ ഏറ്റെടുക്കാനും മുനമ്പിനെ സ്വന്തമാക്കി പുനരധിവസിപ്പിച്ച് രാജ്യാന്തര മേഖലയാക്കി മാറ്റാനും യുഎസ് ആഗ്രഹിക്കുന്നുവെന്നു ട്രംപ് പറഞ്ഞു. ഗാസ വെടിനിർത്തലുമായി ബന്ധപ്പെട്ട രണ്ടാംഘട്ട ചർച്ച കഴിഞ്ഞദിവസം ആരംഭിച്ചതിനു പിന്നാലെയാണു ട്രംപിന്റെ വമ്പൻ പ്രഖ്യാപനം. ഇതു ചർച്ചകളെ പ്രതികൂലമായി ബാധിച്ചേക്കും.

‘ഗാസയെ യുഎസ് ഏറ്റെടുക്കും. അതിന്റെ പുനർനിർമാണവും നടത്തും. പ്രദേശത്തെ എല്ലാ ആയുധങ്ങളും ബോംബുകളും നിർവീര്യമാക്കി സാമ്പത്തിക ഉന്നമനം കൊണ്ടുവരാനും ഞങ്ങൾ തയാറാണ്. തൊഴിലുകളും പുതിയ ഭവനങ്ങളും യുഎസ് ഗാസയിൽ സൃഷ്ടിക്കും. മധ്യപൂർവേഷ്യയുടെ കടൽത്തീര സുഖവാസ കേന്ദ്രമാക്കി ഗാസയെ മാറ്റിയെടുക്കും. ഇത് വെറുതെ പറയുന്നതല്ല. ഞാൻ ഈ ആശയം പങ്കുവച്ച എല്ലാവർക്കും ഇത് വലിയ ഇഷ്ടമായി. ഗാസയുടെ സുരക്ഷയ്ക്കായി യുഎസ് സൈനികരെ അവിടേക്ക് അയയ്ക്കേണ്ടി വന്നാൽ അതും ചെയ്യുമെന്നും ട്രംപ് പറഞ്ഞു.

പലസ്തീൻ പൗരന്മാർ ഗാസയിൽനിന്ന് ഈജിപ്തിലേക്കോ ജോർദാനിലേക്കോ പോകണമെന്ന തന്റെ മുൻ പ്രസ്താവനയെ ഒന്നുകൂടി ഉറപ്പിക്കുകയാണ് ട്രംപ്. ഗാസയുടെ പുനരധിവാസം നടപ്പിലാക്കേണ്ടത് ഇവിടെ ജീവിച്ചു മരിച്ചവരും യുദ്ധം ചെയ്തവരുമല്ലെന്നും ട്രംപ് പറഞ്ഞു. പലസ്തീൻ പൗരന്മാരെ ഗാസയിൽനിന്നു മാറ്റണമെന്ന ട്രംപിന്റെ പ്രസ്താവനയെ നേരത്തെ തന്നെ ഈജിപ്തും ജോർദാനും ഹമാസും ഉൾപ്പെടെ തള്ളിയിരുന്നു.

അതേസമയം, ട്രംപിന്റെ തീരുമാനം തീർച്ചയായും ചിന്തിക്കേണ്ടതാണെന്നും അദ്ദേഹം എപ്പോഴും ചട്ടക്കൂടുകൾക്കു പുറത്തു ചിന്തിക്കുന്ന വ്യക്തിയാണെന്നും നെതന്യാഹു പറഞ്ഞു. യുഎസ് പ്രസിഡന്റായി ട്രംപ് അധികാരമേറ്റ ശേഷം ആദ്യമായി യുഎസിലെത്തിയ വിദേശ നേതാവായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading