Crime
ബാങ്ക് കൊള്ളയടിച്ച പ്രതിയുടെ വീട്ടിൽ പോലീസ് തെളിവെടുപ്പ് മോഷ്ടിച്ച 12 ലക്ഷം രൂപ കണ്ടെടുത്തുകത്തിയും മോഷണ സമയത്ത് റിജോ ധരിച്ചിരുന്ന വസ്ത്രവും കണ്ടെടുത്തു

ചാലക്കുടി: പോട്ട ഫെഡറൽ ബാങ്കിൽ നിന്ന് 15 ലക്ഷം രൂപ കൊള്ളയടിച്ച സംഭവത്തിൽ പിടിയിലായ പ്രതിയുടെ വീട്ടിൽ പോലീസ് തെളിവെടുപ്പ് നടത്തി. ബാങ്കിൽനിന്ന് മോഷ്ടിച്ച 15 ലക്ഷം രൂപയിൽനിന്ന് 12 ലക്ഷം രൂപ ഇയാളുടെ വീട്ടിൽനിന്ന് കണ്ടെടുത്തു. ബാക്കി തുകയിൽനിന്ന് 2,90,000 രൂപ വായ്പ വാങ്ങിയ അന്നനാട് സ്വദേശിക്ക് ഇയാൾ തിരികെ നൽകിയിരുന്നു.
എന്നാൽ, പ്രതി റിജോയെ അറസ്റ്റുചെയ്ത സമയത്തുതന്നെ അന്നനാട് സ്വദേശിയായ വ്യക്തി ഈ പണം ചാലക്കുടി ഡിവൈ.എസ്.പി ഓഫീസിൽ എത്തി കൈമാറി. കൊള്ളയടിച്ച പണം ഉപയോഗിച്ച് മദ്യം ഉൾപ്പടെ റിജോ വാങ്ങിയെന്നാണ് പോലീസ് പറയുന്നത്. ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്തി ബന്ദിയാക്കാൻ ഉപയോഗിച്ച കത്തിയും മോഷണ സമയത്ത് റിജോ ധരിച്ചിരുന്ന വസ്ത്രവും ഇയാളുടെ വീട്ടിൽനിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ഇന്ന് പുലർച്ചയോടെയാണ് അന്വേഷണസംഘം പ്രതിയുടെ വീട്ടിലെത്തിയത്. റിജോയെ സംഭവം നടന്ന ബാങ്കിലെത്തിച്ചും തെളിവെടുപ്പ് നടത്തും. ഇതിനുശേഷം പ്രതിയെ തിങ്കളാഴ്ച ഉച്ചയോടെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം.
ചാലക്കുടിക്കടുത്ത് പോട്ടയിലെ ഫെഡറൽ ബാങ്ക് ശാഖയിൽ വെള്ളിയാഴ്ച ഉച്ചഭക്ഷണ സമയത്തായിരുന്നു കവർച്ച. കറുത്ത ഹെൽമെറ്റും ജാക്കറ്റും കൈയുറകളും ധരിച്ചായിരുന്നു മോഷണം. പോട്ട ചെറുപുഷ്പം പള്ളിയുടെ നേരേ എതിർവശത്ത് പഴയ ദേശീയപാതയിലാണ് ബാങ്ക്. പുതിയ ദേശീയപാതയിൽനിന്ന് 150 മീറ്റർ ദൂരെ. നട്ടുച്ചയായതിനാൽ ഏറക്കുറേ വിജനമായിരുന്നു പാത.
രണ്ടു മുതൽ രണ്ടര വരെയാണ് ബാങ്കിന്റെ ഉച്ചഭക്ഷണ ഇടവേള. കൃത്യം 2.12-നാണ് മോഷ്ടാവ് ബാങ്കിനുള്ളിൽ പ്രവേശിച്ചത്. ബാങ്കിനുമുന്നിൽ നിർത്തിയിട്ട കാറിനു പിന്നിലായി സ്കൂട്ടർ നിർത്തിയാണ് ഇയാൾ ഉള്ളിലേക്കു കയറിയത്.