KERALA
ആശാ വർക്കർമാരുടെ സമരത്തെ വിമർശിച്ച് സിപിഎം; സമരത്തിന്പിന്നിൽ അരാജക സംഘടനകൾ

കോഴിക്കോട്: ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരത്തെ വിമര്‍ശിച്ച് സി.പി.എം നേതൃത്വം. ഏതാനും ആശാ വര്‍ക്കര്‍മാരെ തെറ്റിദ്ധരിപ്പിച്ച് നടത്തുന്ന സമരമാണിതെന്ന് പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയിൽ കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം എഴുതിയ ലേഖനത്തില്‍ പറയുന്നു. ആർക്കുവേണ്ടിയാണ് ഈ സമര നാടകം എന്ന തലക്കെട്ടിലാണ് ലേഖനം എഴുതിയിരിക്കുന്നത്. മൂന്നാറിലെ ടാറ്റ ടീ എസ്റ്റേറ്റിലെ ഒരുവിഭാഗം തൊഴിലാളികളെ സംഘടിപ്പിച്ച് പൊമ്പിളൈ ഒരുമ എന്ന പേരില്‍ നടത്തിയ സമരത്തിന്റെ തനിയാവര്‍ത്തനമാണിത്. ഇതേ മാതൃകയില്‍ ചില അരാജക സംഘടനകള്‍ ഏതാനും ആശാ വര്‍ക്കര്‍മാരെ തെറ്റിദ്ധരിപ്പിച്ച് ആരംഭിച്ചതാണ് ഇപ്പോഴത്തെ സമരമെന്നും ലേഖനം പറയുന്നു.
കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ നേതൃത്വത്തില്‍ 2005ലാണ് അക്രഡിറ്റഡ് സോഷ്യല്‍ ഹെല്‍ത്ത് ആക്ടിവിസ്റ്റ് (ആശ) എന്ന സ്‌കീം ആരംഭിച്ചതെന്ന് എളമരം കരീം ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. സാമൂഹ്യ-ആരോഗ്യപ്രവര്‍ത്തകര്‍ എന്ന സങ്കല്‍പ്പത്തിന് സ്ത്രീകളെ മാത്രം നിയോഗിച്ചുള്ള പദ്ധതിയാണിത്. ഗ്രാമീണ ജനതയെ പൊതു ആരോഗ്യ പ്രസ്ഥാനവുമായി കൂട്ടിയിണക്കി ശിശു മരണനിരക്ക് കുറയ്ക്കാനും ഗര്‍ഭിണികളുടെ സുരക്ഷയ്ക്കും താഴെത്തലംവരെ ആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്നതിനും ലക്ഷ്യം വച്ചാണ് പദ്ധതി തുടങ്ങിയത്. സേവനത്തിനായി തെരഞ്ഞെടുക്കപ്പെടുന്ന സ്ത്രീകളെ സന്നദ്ധപ്രവര്‍ത്തകരായാണ് കണക്കാ ക്കേണ്ടതെന്നാണ് എന്‍എച്ച്എം വ്യവസ്ഥ. ഈ കാരണങ്ങളാല്‍ ന്യായമായ ശമ്പളമോ മിനിമം വേതനം എന്ന തത്വമോ ബാധകമല്ല. ആശ, അങ്കണവാടി, എന്‍.എച്ച്.എം, എം.എന്‍.ആര്‍.ഇ.ജി തുടങ്ങിയവയെല്ലാം ഇത്തരം കേന്ദ്ര പദ്ധതികളാണെന്നും ദേശാഭിനിയിലെ ലേഖനം ചൂണ്ടിക്കാട്ടുന്നു.
കേന്ദ്ര പദ്ധതികള്‍ വ്യവസ്ഥകള്‍ അനുസരിച്ച് നടപ്പാക്കാനേ സംസ്ഥാനങ്ങള്‍ക്ക് അധികാരമുള്ളൂ. സംസ്ഥാന സര്‍ക്കാര്‍ നിയമാനുസൃതം നിയമിക്കുന്നവര്‍ക്കു മാത്രമേ ശമ്പളവും മറ്റാനുകൂല്യങ്ങളും നല്‍കാന്‍ കഴിയൂ. സംസ്ഥാനത്ത് ആരോഗ്യവകുപ്പിനു കീഴില്‍ സേവനമനുഷ്ഠിക്കുന്നവരായതുകൊണ്ട് മറ്റ് ജീവനക്കാരെ പോലെ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കണമെന്ന ആവശ്യം നിയമപ്രകാരം നടപ്പാക്കാന്‍ ഒരു സര്‍ക്കാരിനും സാധ്യമല്ല. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഇപ്പോള്‍ നടക്കുന്ന സമരത്തെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് ഇക്കാര്യം നടപ്പാക്കിയിരുന്നോ എന്ന ചോദ്യവും എളമരം ഉന്നയിക്കുന്നു
നിലവിലെ സമരത്തെ പിന്തുണയ്ക്കുന്ന യു.ഡി.എഫിനേയും ലേഖനത്തില്‍ വിമര്‍ശിക്കുന്നുണ്ട്. കേന്ദ്രം തീരുമാനിച്ച ആശാ സ്‌കീം അന്ന് കേരളം ഭരിച്ചിരുന്ന യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയില്ല. 2006ല്‍ അധികാരത്തില്‍ വന്ന എല്‍.ഡി.എഫ് സര്‍ക്കാരാണ് സംസ്ഥാനത്ത് പദ്ധതി നടപ്പാക്കിയത്. വി.എസ്.സര്‍ക്കാരിന്റെ കാലത്ത് ഉത്സവബത്ത ആവശ്യപ്പെട്ട് ആശമാര്‍ സി.ഐ.ടി.യു നേതൃത്വത്തില്‍ ശബ്ദമുയര്‍ത്തി. ഇതിന്റെ ഫലമായി ഓണത്തിന് 500 രൂപ വീതം ഉത്സവബത്ത നല്‍കി. സംഘടനയുടെ ആവശ്യപ്രകാരം വി.എസ്.സര്‍ക്കാര്‍തന്നെ പ്രതിമാസം 3000 രൂപ തോതില്‍ ഓണറേറിയം നല്‍കാനും തീരുമാനിച്ചു. 2011ല്‍ വന്ന യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റ് 14 മാസം പിന്നിട്ടിട്ടും ഓണറേറിയമോ ഇന്‍സെന്റീവോ നല്‍കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
2016ല്‍ വന്ന പിണറായി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്ന കെ.കെ.ശൈലജ മുന്‍കൈയെടുത്ത് ആശമാര്‍ക്ക് അനുകൂലനിലപാടുകള്‍ സ്വീകരിച്ചു. പിണറായി സര്‍ക്കാര്‍ ഘട്ടംഘട്ടമായി ഓണറേറിയം 6000 രൂപയാക്കി. ഓണറേറിയവും ഇന്‍സെന്റീവും അക്കൗണ്ടുകളിലേക്ക് അയച്ചുകൊടുക്കാനും തീരുമാനിച്ചു. ഇതെല്ലാം നേടിയെടുത്തത് ആശാവര്‍ക്കേഴ്സ് ഫെഡറേഷന്‍ (സി.ഐ.ടി.യു) നടത്തിയ നിരന്തര പ്രക്ഷോഭങ്ങളുടെ ഫലമായിട്ടാണ്. രണ്ടാം പിണറായി സര്‍ക്കാര്‍ വന്നശേഷം എന്‍.എച്ച്.എം ഫണ്ടിലേക്ക് കേന്ദ്രം നല്‍കേണ്ട 468 കോടി രൂപ നല്‍കിയിട്ടില്ല. ഇത് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി കാരണം ഇന്‍സെന്റീവ് കൃത്യസമയത്ത് നല്‍കാന്‍ കഴിയാതെവന്നു. ഒടുവില്‍ സംസ്ഥാന ഫണ്ടില്‍നിന്ന് ഒരു വര്‍ഷം നല്‍കി. ഇതിനിടെ ആശമാര്‍ക്കുള്ള ആശ്വാസകിരണ്‍ എന്ന ഇന്‍ഷുറന്‍സ് പദ്ധതി കേന്ദ്രം റദ്ദാക്കി. ഈ സമയത്തും സി.ഐ.ടി.യുവല്ലാതെ ഒരു സംഘടനയും ശബ്ദമുയര്‍ത്തിയില്ലെന്നും ലേഖനം പറയുന്നു