Crime
പി.സി.ജോർജ് വൈകിട്ട് 6 മണി വരെ പൊലീസ് കസ്റ്റഡിയിൽ.കസ്റ്റഡി അപേക്ഷയിൽ അപാകതയുണ്ടെന്ന് കോടതി

കോട്ടയം :മതവിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പി.സി.ജോർജ് വൈകിട്ട് 6 മണി വരെ പൊലീസ് കസ്റ്റഡിയിൽ. പൊലീസ് നൽകിയ കസ്റ്റഡി അപേക്ഷയിൽ അപാകതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി ,തുടർന്ന് അപാകത പരിഹരിച്ച് കസ്റ്റഡി അപേക്ഷ വീണ്ടും സമർപ്പിക്കാനാണ് നിർദേശം. ഇതിനുശേഷമാകും പി.സി. ജോർജിന്റെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്. ഹൈക്കോടി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് ഇന്ന് രാവിലെയാണ് പി.സി.ജോർജ്, പാലാ ഈരാറ്റുപേട്ട കോടതിയിൽ ഹാജരായത്. അതിനാടകീയമായിട്ടായിരുന്നു പി.സി.ജോർജിന്റെ നീക്കം. അഭിഭാഷകൻ സിറിലും മരുമകൾ പാർവതിയുമെത്തിയതിനു പിന്നാലെ ജോർജ് കോടതിയിലെത്തുകയായിരുന്നു. താൻ കീഴടങ്ങാനാണ് വന്നതെന്ന് ജോർജ് പറഞ്ഞു. ബിജെപി പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു. രാവിലെ പി.സി.ജോർജിനെ അറസ്റ്റു ചെയ്യാനായി വീട്ടിൽ പൊലീസ് എത്തിയിരുന്നെങ്കിലും ഈ സമയം അദ്ദേഹം വീട്ടിൽ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിനു പിന്നാലെ ഹാജരാകാൻ രണ്ടു ദിവസത്തെ സാവകാശം ജോർജ് തേടിയിരുന്നു.