KERALA
അച്ചടക്കനടപടി എടുക്കാൻ വെല്ലുവിളിച്ച് പദ്മകുമാർഎന്റെ 52 വർഷത്തെക്കാൾ വലുതാണ് അവരുടെ 9 വർഷം

പത്തനംതിട്ട: സി.പി.എം. സംസ്ഥാന സമിതിയില്‍ ഇടം ലഭിക്കാത്തതിലും വീണാ ജോര്‍ജിനെ പ്രത്യേക ക്ഷണിതാവാക്കിയതിലുമുള്ള അസംതൃപ്തി ആവര്‍ത്തിച്ച് എ. പദ്കുമാര്‍. സി.പി.എം. സംസ്ഥാന സമ്മേളനം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് അദ്ദേഹം തന്റെ ഫെയ്‌സ്ബുക്കിലെ നിലപാട് ആവര്‍ത്തിച്ചത്. എന്തുവന്നാലും താന്‍ സി.പി.എം. വിട്ടുപോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പത്മകുമാർ വ്യക്തമാക്കി.
പത്തനംതിട്ടയില്‍നിന്ന് കെ.പി. ഉദയഭാനുവും രാജുഎബ്രഹാമും സംസ്ഥാന സമിതിയില്‍വരുന്നു. നമുക്കാര്‍ക്കും അതില്‍ തര്‍ക്കമില്ല. പക്ഷേ, ഇന്നുവരെ സംഘടനാരംഗത്ത് ഒരുകാര്യവും ചെയ്യാത്തയാളാണ് വീണാ ജോര്‍ജ്. അവരെ ഇവിടെ സ്ഥാനാര്‍ഥിയാക്കാന്‍ നമ്മള്‍ പോയി കണ്ടുപിടിച്ച് കൊണ്ടുവന്നയാളാണ്. അങ്ങനെയൊരാള്‍ രണ്ടുതവണ എം.എല്‍.എ.യാകുന്നു. പെട്ടെന്ന് മന്ത്രിയാകുന്നു. അവര്‍ കഴിവുള്ള സ്ത്രീയാണ്. പക്ഷേ, അവരെപ്പോലെ ഒരാളിനെ പാര്‍ലമെന്ററിരംഗത്തെ പ്രവര്‍ത്തനം മാത്രം നോക്കി സി.പി.എമ്മിലെ ഉന്നതഘടകത്തില്‍ വെയ്ക്കുമ്പോള്‍ സ്വഭാവികമായും ഒട്ടേറെപേര്‍ക്ക് വ്യത്യസ്ത അഭിപ്രായമുണ്ട്. അത് തുറന്നുപറയാന്‍ ഒരാളെങ്കിലും വേണമല്ലോ. അതുകൊണ്ട് ഞാന്‍ തുറന്നുപറഞ്ഞെന്നേയുള്ളൂ. വേറെയൊന്നുമില്ല.തീര്‍ച്ചയായും പാര്‍ട്ടി ഘടകത്തിലാണ് എന്റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ടത്. ഇന്നലെ എന്റെ ഫെയ്‌സ്ബുക്കിലാണ് അഭിപ്രായം പറഞ്ഞത്.
അച്ചടക്ക നടപടി നേരിട്ടാലും പാര്‍ട്ടിയില്‍ തന്നെ തുടരും. പാര്‍ട്ടി വിട്ടുപോയാക്കാമെന്ന സൂചനകളുടെ ആവശ്യമില്ല. 15-ാം വയസ്സില്‍ എസ്.എഫ്.ഐ.യുടെ പ്രവര്‍ത്തകനായാണ് വരുന്നത്. നാളിതുവരെ അതിന് മാറ്റമുണ്ടായിട്ടില്ല. ഇപ്പോള്‍ 52 വര്‍ഷമായി. ഇനിയിപ്പോള്‍ വയസ്സാംകാലത്ത് വേറെയൊരു പാര്‍ട്ടി നോക്കാന്‍ ഞാനില്ല. ഞാന്‍ സി.പി.എം. ആയിരിക്കും. പാര്‍ട്ടി ആശയങ്ങളിലും നിലപാടിലും മാറ്റംവരുത്താന്‍ ആഗ്രഹിക്കുന്നില്ല. പാര്‍ട്ടി അംഗത്വത്തോടെ ഇവിടെ നില്‍ക്കണമെന്നാണ് ആഗ്രഹം. അത് പാര്‍ട്ടി അനുവദിക്കുകയാണെങ്കില്‍ നില്‍ക്കും. എന്റെ 52 വര്‍ഷത്തെക്കാള്‍ വലുതാണ് അവരുടെ 9 വര്‍ഷം. അവര്‍ എന്നെക്കാള്‍ ഒരുപാട് കഴിവുള്ള സ്ത്രീയാണ്. അതുകൊണ്ടാണെന്ന് കരുതുന്നു. മാറ്റിനിര്‍ത്തിയതില്‍ മറ്റുകാര്യങ്ങളൊന്നുമില്ല. ബാക്കി കാര്യങ്ങള്‍ ആലോചിച്ചിട്ട് പറയാമെന്നും പദ്മകുമാര്‍ ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി