Connect with us

KERALA

എല്ലാവരെയും സംസ്ഥാനസമിതിയിൽ ഉൾപ്പെടുത്താൻ കഴിയില്ല. പദ്‌മകുമാറിന്റെ വിഷമം പുറത്ത് പ്രകടിപ്പിക്കേണ്ടതായിരുന്നില്ല

Published

on

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനത്തിലൂടെ സംഘടനാ ദൗർബല്യങ്ങൾ പരിഹരിക്കാൻ കഴിഞ്ഞുവെന്ന് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ. സംസ്ഥാന സമ്മേളനം വൻ വിജയമാണെന്ന് പറഞ്ഞ ബാലൻ മൂന്നാം എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്നും മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. എ പദ്മകുമാറിന്റെ പരസ്യവിമർശനത്തിനും ബാലൻ മറുപടി നൽകി. എല്ലാവരെയും സംസ്ഥാനസമിതിയിൽ ഉൾപ്പെടുത്താൻ കഴിയില്ല. പദ്‌മകുമാറിന്റെ വിഷമം പുറത്ത് പ്രകടിപ്പിക്കേണ്ടതായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.’

യുവാക്കൾക്ക് പാർട്ടിയിൽ കൂടുതൽ അവസരം ലഭിക്കണം. മുഖ്യമന്ത്രിയ്ക്കുള്ള പ്രായപരിധി ഇളവ് ഔദാര്യത്തിന്റെ പുറത്തല്ല നൽകിയത്. മുഖ്യമന്ത്രി ആയതുകൊണ്ടാണ് പാർട്ടി ആ തീരുമാനം എടുത്തത്. പാർട്ടി ആരെയും മനഃപൂർവം നശിപ്പിക്കില്ല. പരസ്യ പ്രതികരണം വർഗ ശത്രുക്കൾക്ക് സഹായകരമാകരുത്. എല്ലാ ആൾക്കാരെയും സംസ്ഥാന കമ്മിറ്റിയിൽ എടുക്കാൻ കഴിയില്ലല്ലോ. 87 പേരാണ് സംസ്ഥാന കമ്മിറ്റിയിൽ. 17 പേരാണ് സംസ്ഥാന സെക്രട്ടറിയേറ്റിൽ. അഞ്ച് ലക്ഷം പാർട്ടി അംഗങ്ങളുണ്ട്. അതത് കാലഘട്ടത്തിൽ പാർട്ടിക്ക് സംഭാവന ചെയ്യാൻ പറ്റാവുന്ന ആളുകളെ തിരഞ്ഞെടുക്കുന്നു. അതിന് അർത്ഥം മറ്റുള്ളവരൊക്കെ മോശക്കാരാണെന്നല്ല. പാർട്ടി അവരവരുടെ കഴിവിനനുസരിച്ച് കൊക്കിലൊതുങ്ങിയത് മാത്രമല്ല, കൊക്കിലൊതുങ്ങാത്തതും തരാൻ തീരുമാനിച്ച ഘട്ടത്തിൽ അത് വേണ്ടായെന്ന് വച്ചവനാണ് ഞാൻ. യഥാർത്ഥ മനുഷ്യനാക്കുന്നതിൽ പാർട്ടി നൽകിയ സംഭാവന, അതാണ് ഏറ്റവും പ്രധാനപ്പെട്ടത്’- എ കെ ബാലൻ പറഞ്ഞു.

പാർട്ടിയുടെ മുതിർന്ന നേതാവ് എ പദ്മകുമാറിനെ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിലുള്ള അതൃപ്തിയിൽ പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും പ്രതികരിച്ചു. പദ്മകുമാർ പത്തനംതിട്ടയിൽ നിന്നുള്ള പാർട്ടിയുടെ പ്രധാന നേതാവാണെന്നും ഏതു സാഹചര്യത്തിലാണ് അദ്ദേഹം അതൃപ്തി പറഞ്ഞതെന്ന് അറിയില്ലെന്നുമാണ് രാജു എബ്രഹാം പ്രതികരിച്ചത്. പദ്മകുമാറിന്റെ നടപടി പാർട്ടി ഗൗരവമായി പരിശോധിക്കും. ജില്ലയിലെ പ്രിയങ്കരനായ നേതാവാണ് പദ്മകുമാർ. മന്ത്രിമാരെ സംസ്ഥാന സമിതിയിലെ ക്ഷണിതാവാക്കുന്നത് പതിവ് കീഴ്‌വഴക്കമാണ്. മന്ത്രിയെന്ന നിലയിൽ വീണ ജോർജിന്റെ പ്രവർത്തനം വളരെ മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു ‘

Continue Reading