KERALA
പ്രസ് സെക്രട്ടറി പി.എം. മനോജിനെ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ഒഴിവാക്കാൻ നീക്കം.പരസ്യക്കരാറുകൾ പലതും മകന്റെ സ്ഥാപനത്തിന് നൽകിയതുമായി ആരോപണം ഉയർന്നിരുന്നു.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജിനെ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ഒഴിവാക്കാൻ നീക്കം. ഇത് സംബന്ധിച്ച സൂചന മുഖ്യമന്ത്രിതന്നെ ഓഫീസ് സ്റ്റാഫിന്റെ യോഗത്തിൽ നൽകിയതായി അറിയുന്നു.പിആർഡിയുമായി ബന്ധപ്പെട്ട പരസ്യക്കരാറുകൾ മകന്റെ സ്ഥാപനത്തിന് നൽകിയതുമായി ബന്ധപ്പെട്ട് മനോജിനുനേരേ ആരോപണം ഉയർന്നിരുന്നു. പിആർഡി ഡയറക്ടർ നൽകിയ റിപ്പോർട്ടിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ദേശാഭിമാനിയുടെ റെസിഡന്റ് എഡിറ്റർ സ്ഥാനത്തുനിന്നാണ് മനോജ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ ചുമതലയിലേക്ക് വന്നത്. തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ഒഴിവാക്കി തിരികെ ദേശാഭിമാനിയിലേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ട് മനോജ് പാർട്ടി നേതൃത്വത്തിന് കത്തുനൽകിയിട്ടുണ്ട്. പാർട്ടി ഇത് അംഗീകരിച്ചതായാണ് സൂചന.ദേശാഭിമാനിയിൽ ഇപ്പോൾ എം. സ്വരാജാണ് റെസിഡന്റ് എഡിറ്റർ. മനോജിന് അവിടെ എന്തുചുമതല നൽകണമെന്നതിൽ തീരുമാനമായില്ല.
എന്റെ കേരളം, നവകേരളസദസ്സ്, കേരളീയം തുടങ്ങിയ പരിപാടികളുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലർക്കുനേരേ ആരോപണം ഉയർന്നത്. കരാറുകൾ പലതും മനോജിന്റെ മകന്റെ സ്ഥാപനത്തിനാണ് ലഭിച്ചത്. ഈ ആരോപണം മനോജോ, പാർട്ടികേന്ദ്രങ്ങളോ നിഷേധിച്ചിരുന്നില്ല. കഴിഞ്ഞ സിപിഎം സംസ്ഥാന കമ്മറ്റി യോഗത്തിൽ ഈ വിഷയം ചർച്ചയായിരുന്നു