KERALA
വഖഫ് നിയമഭേദഗതി ബില്ല് മത സ്വാതന്ത്ര്യത്തിന് എതിരാണെന്ന് പാളയം ഇമാം

വഖഫ് നിയമഭേദഗതി ബില്ല് മത സ്വാതന്ത്ര്യത്തിന് എതിരാണെന്ന് പാളയം ഇമാം
തിരുവനന്തപുരം: വഖഫ് നിയമഭേദഗതി ബില്ല് മത സ്വാതന്ത്ര്യത്തിന് എതിരാണെന്ന് പാളയം ഇമാം വിപി സുഹൈബ് മൗലവി. വിശ്വാസികളാണ് വഖഫ് സ്വത്ത് കൈകാര്യം ചെയ്യേണ്ടതെന്ന് ഖുര്‍ആനിലുണ്ട്. നിലവിലെ വഖഫ് നിയമം ആരേയും ദ്രോഹിക്കുന്നില്ല. നിയമ ഭേദഗതിയെ എല്ലാവരും ഒന്നിച്ച് ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന ഈദ്ഗാഹില്‍ സംസാരിക്കവെയായിരുന്നു വിപി സുഹൈബ് .
‘വഖഫ് അല്ലാഹുവിന്റെ ധനമാണ്. ആ നിലയ്ക്ക് അത് അങ്ങേയറ്റം ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ടതിനാലാണ് നമ്മുടെ നാട്ടില്‍ വഖഫ് നിയമങ്ങളുള്ളത്. ഈ നിയമങ്ങളില്‍ വലിയ ഭേദഗതികള്‍ വരുത്തുന്ന ബില്ലാണ് പാസാക്കാന്‍ പോവുന്നത്. പുതിയ ബില്ലില്‍ കേന്ദ്ര വഖഫ് കൗണ്‍സിലിലും സംസ്ഥാന വഖഫ് ബോര്‍ഡുകളിലും വഖഫ് ട്രൈബ്യൂണലുകളിലും അമുസ്ലീം അംഗങ്ങള്‍ ഉണ്ടാകണമെന്ന നിബന്ധന വെച്ചിരിക്കുകയാണ്. വിശ്വാസികളാണ് വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യേണ്ടത് എന്നത് ഖുര്‍ആനിന്റെ തത്വമാണ്. അതാണ് ഭേദഗതി ചെയ്യാന്‍ പോകുന്നത്.’ ഇമാം പറഞ്ഞു.