Entertainment
എമ്പുരാനുമായ് ബന്ധപ്പെട്ട് പുതിയ വിവാദം. അണക്കെട്ടിനെക്കുറിച്ച് പരാമർശിക്കുന്ന രംഗങ്ങൾ ഒഴിവാക്കണമെന്ന് തമിഴ്‌നാട്ടിലെ കർഷകർ :ഗോകുലം ചിറ്റ്‌സ് ശാഖയ്ക്ക് മുന്നിൽ ഉപരോധ സമരം നടത്തുമെന്ന് മുന്നറിയിപ്പ്

ചെന്നൈ: റീ എഡിറ്റിംഗ് ചെയ്ത മോഹൻലാൽ ചിത്രം എമ്പുരാൻ ഉടൻ തിയേറ്ററുകളിൽ എത്താനിരിക്കെ സിനിമയുമായി ബന്ധപ്പെട്ട് പുതിയ വിവാദം. സിനിമയിൽ അണക്കെട്ടിനെക്കുറിച്ച് പരാമർശിക്കുന്ന രംഗങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ ഒരുവിഭാഗം കർഷകർ രംഗത്തെത്തിയിരിക്കുകയാണ്. സിനിമയിൽ സാങ്കൽപ്പിക പേരിലാണ് അണക്കെട്ട്. ഇത് മുല്ലപ്പെരിയാറിനെ ഉദ്ദേശിച്ചുള്ളതാണെന്നും ഇത് ഒഴിവാക്കിയില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കുമെന്നും പെരിയാർ വൈഗ ഇറിഗേഷൻ ഫാർമേഴ്‌സ് അസോസിയേഷനാണ് മുന്നറിയിപ്പ് നൽകിയത്. തമിഴ്‌നാട് കമ്പത്തെ ഗോകുലം ചിറ്റ്‌സ് ശാഖയ്ക്ക് മുന്നിൽ ഉപരോധ സമരം നടത്തുമെന്ന് കോ ഓർഡിനേറ്റർ അൻവർ ബാലസിങ്കം പറഞ്ഞു.
‘മുല്ലപ്പെരിയാർ അണക്കെട്ടിനെക്കുറിച്ച് അനാവശ്യമായി പരാമർശിക്കുന്നത് രണ്ട് സംസ്ഥാനങ്ങൾ തമ്മിലെ ബന്ധം തകർക്കാൻ ശ്രമിക്കലാണ്. നെടുമ്പള്ളി ഡാം എന്നാണ് സിനിമയിൽ പറയുന്നത്. അണക്കെട്ടിന് അപകടമുണ്ടായാൽ കേരളം വെള്ളത്തിനടിയിലാകുമെന്ന് സിനിമയിൽ പറയുന്നു. തടയണകൾ ഉപയോഗ ശൂന്യമാണെന്നുമുള്ള സംഭാഷണങ്ങൾ സിനിമയിലുണ്ട്. ഇവ മ്യൂട്ട് ചെയ്യണം’- ബാലസിങ്കം ആവശ്യപ്പെട്ടു.
അതേസമയം, വിവാദങ്ങൾക്ക് പിന്നാലെ റീ എഡിറ്റ് ചെയ്ത എമ്പുരാന്റെ പുതിയ പതിപ്പ് ഉടൻ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ റീ സെൻസറിംഗ് ഞായറാഴ്‌ച പൂർത്തിയായിരുന്നു. എഡിറ്റിംഗും മാസ്റ്ററിംഗും പൂർത്തിയാക്കാൻ വൈകിയതാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത് വൈകാൻ കാരണമെന്നാണ് പ്രാഥമിക വിവരം. ഹൈദരാബാദിൽ നടൻ നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള അന്നപൂർണ സ്റ്റുഡിയോയിലാണ് മാസ്റ്ററിംഗ് ജോലികൾ നടന്നത്.