Connect with us

Crime

റയ്ഡിന് പിന്നാലെ ഗോകുലം ഗോപാലനെ ഇഡി സംഘം ചോദ്യം ചെയ്യുന്നു

Published

on

കോഴിക്കോട്: ഗോകുലം ചിട്ടിഫണ്ട് സ്ഥാപനങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധന ആരംഭിച്ച് രണ്ട് മണിക്കൂർ പിന്നിട്ടു. ഗോകുലം ചിറ്റ്‌ഫണ്ട് ഉടമ ഗോകുലം ഗോപാലനെയും ഇഡി സംഘം ചോദ്യം ചെയ്യുകയാണ്. കോഴിക്കോട് അരയിടത്ത്പാലത്തെ ഗോകുലം മാളിനടുത്ത് ഗോകുലം കോർപറേറ്റ് ഓഫീസിലാണ് അദ്ദേഹത്തിന്റെ ചോദ്യംചെയ്യൽ നടക്കുന്നത്. ആദ്യം വടകരയിൽ വീട്ടിൽ വച്ച് ചോദ്യം ചെയ്യാൻ തീരുമാനിച്ചെങ്കിലും ഇതിനിടെ അദ്ദേഹം അരയിടത്ത്പാലത്തെ ഓഫീസിലെത്തി.

11.30ഓടെയാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. ചെന്നൈ കോടമ്പാക്കത്തെ ഓഫീസിൽ ആദ്യം പരിശോധന ആരംഭിച്ചു. പിന്നീട് കോഴിക്കോടും കൊച്ചിയിലുമുള്ള ഓഫീസുകളിൽ ഇഡി പരിശോധന നടക്കുന്നതായി വാർത്ത പുറത്തുവന്നു. ഫെമ നിയമം ലംഘിച്ചതുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ പരിശോധന എന്നാണ് സൂചനകൾ. കുറച്ച് ദിവസങ്ങൾക്ക് മുൻപ് കമ്പനിയിലേക്ക് വലിയൊരു തുക നിക്ഷേപം വന്നതായും ഇത് ഒരൊറ്റയാളിൽ നിന്നാണോ എവിടെ നിന്നാണ് എന്നത് സംബന്ധിച്ചാണ് അന്വേഷണം.
വിവാദമായ മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ നിന്നും നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് പിന്മാറിയതോടെ ഗോകുലം ഗോപാലൻ നിർമ്മാതാവായിരുന്നു. ചിത്രത്തിലെ വിവാദത്തിന് പിന്നാലെ ഇഡി അന്വേഷണം വന്നത് അഭ്യൂഹങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ ചിത്രവുമായി ബന്ധപ്പെട്ടല്ല അന്വേഷണമെന്നും മുൻപും ഇത്തരം റെയ്‌ഡുകൾ നടത്തിയിട്ടുണ്ടെന്നുമാണ് ഇഡി വൃത്തങ്ങളിൽ നിന്നുള്ള വിവരം.

Continue Reading