Crime
സിഎംആർഎൽ – എക്‌സാലോജിക് കേസ്; വീണാവിജയനെ അറസ്റ്റ് ചെയ്‌തേക്കില്ല

തിരുവനന്തപുരം: സിഎംആർഎൽ – എക്‌സാലോജിക് ഇടപാട് കേസിൽ പ്രതിചേർത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാവിജയനെ അറസ്റ്റ് ചെയ്‌തേക്കില്ല. അന്വേഷണം പൂർത്തിയായി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചതിനാൽ അറസ്റ്റിനുള്ള വ്യവസ്ഥയില്ലെന്നാണ് സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസ് (എസ്‌എഫ്‌ഐഒ) വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.
നേരത്തേ കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് വീണയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയത്. ഇടപാടുമായി ബന്ധപ്പെട്ട് എസ്‌എഫ്‌ഐഒ തയ്യാറാക്കിയ കുറ്റപത്രത്തിലും വീണാവിജയനെ പ്രതിചേർത്തിട്ടുണ്ട്. ഇന്നലെയാണ് എസ്‌എഫ്‌ഐഒ എറണാകുളം ജില്ലാ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഈ കുറ്റപത്രം ഇനി എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് പരിഗണിക്കുക. എസ്‌എഫ്‌ഐഒ നൽകിയ കുറ്റപത്രം പ്രഥമദൃഷ്‌ട്യാ നിലനിൽക്കുന്നതാണോ എന്ന പരിശോധന ആ ഘട്ടത്തിലാണ് നടക്കുക. കുറ്റം നിലനിൽക്കുന്നതാണെന്ന് കോടതിക്ക് ബോദ്ധ്യപ്പെടേണ്ടതുണ്ട്. തുടർന്ന് മാത്രമേ വീണാവിജയനുൾപ്പെടെയുള്ളവർ നിയമപരമായി പ്രതിചേർക്കപ്പെടുമോ എന്ന കാര്യത്തിൽ വ്യക്തത വരുക. അതിന് ശേഷമേ വിചാരണ നേരിടേണ്ടതുള്ളു.
യാതൊരു സേവനവും നൽകാതെ വീണയുടെ കമ്പനിയായ എക്‌സാലോജിക് സിഎംആർഎല്ലിൽ നിന്ന് 2.70 കോടി രൂപ കൈപ്പറ്റിയെന്നാണ് എസ്‌എഫ്‌ഐഒ അന്വേഷണത്തിൽ കണ്ടെത്തിയത്. വീണയെ കൂടാതെ സിഎംആർഎൽ എംഡി ശശിധരൻ കർത്ത, സിഎംആർഎല്ലിലെ മറ്റ് ചില ഉദ്യോഗസ്ഥർ, സിഎംആർഎൽ, എക്‌സാലോജിക് കമ്പനി എന്നിവരും കേസിൽ പ്രതികളാണ്. പത്തുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.സിഎംആർഎല്ലിന്റെ സാമ്പത്തിക ഇടപാടുകളിലെ ദുരൂഹതകളും എസ്‌എഫ്‌ഐഒ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 182 കോടി രൂപ രാഷ്‌ട്രീയ നേതാക്കൾക്ക് ഉൾപ്പെടെ കമ്പനി വകമാറ്റി നൽകിയെന്നാണ് കണ്ടെത്തൽ.