Crime
മാസപ്പടി കേസിൽഎസ്.എഫ്.ഐ.ഒ സമർപ്പിച്ച കുറ്റപത്രം ഇഡിക്ക് കെെമാറും. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നിർദേശം.

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ പ്രതിയായ മാസപ്പടി കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ) സമർപ്പിച്ച കുറ്റപത്രം എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) കെെമാറും. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നിർദേശം. കുറ്റപത്രം ആവശ്യപ്പെട്ട് ഇഡി അപേക്ഷ നൽകിയിരുന്നു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
കേസിലെ രേഖകൾ തേടി എസ്എഫ്ഐഒയ്ക്ക് കത്തയച്ചതായി മുതിർന്ന ഇഡി ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയിരുന്നു. എസ്എഫ്ഐഒ കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്നതാണ്. അതിനാൽ രേഖകൾ പരിശോധിച്ചശേഷം കേസ് രജിസ്റ്റർ ചെയ്യുമെന്നും മുതിർന്ന ഇഡി ഉദ്യോഗസ്ഥൻ കഴിഞ്ഞദിവസം ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞിരുന്നു.അതേസമയം, സിഎംആര്‍എല്‍ – എക്‌സാലോജിക് കരാറിലെ എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് അന്വേഷണ റിപ്പോര്‍ട്ടായി പരിഗണിക്കാമെന്ന് വിചാരണക്കോടതി വ്യക്തമാക്കിയിരുന്നു. കുറ്റം ചുമത്തുന്നതിന് മതിയായ തെളിവുണ്ടെന്നും കോടതി ഉത്തരവിൽ പറയുന്നു. കമ്പനി നിയമത്തിലെ 129, 134, 447 വകുപ്പുകള്‍ നിലനില്‍ക്കും. കേസിൽ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് നിർദേശം നൽകി.തുടര്‍നടപടിയുടെ ഭാഗമായി വീണ ഉള്‍പ്പെടെയുളളവര്‍ക്ക് കോടതി സമന്‍സ് അയക്കും. പ്രഥമ ദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് കോടതിയുടെ തീരുമാനം. കേസില്‍ നമ്പറിടുകയാണ് ആദ്യ നടപടി. പിന്നീട് പ്രതികൾക്ക് സമന്‍സ് അയക്കും.