Crime
വെടിവയ്പ്പിൽ ഇന്ത്യൻ വിദ്യാർത്ഥിനി കാനഡയിൽ കൊല്ലപ്പെട്ടു.

ഒട്ടാവ: ബസ് കാത്തുനിൽക്കുന്നതിനിടെയുണ്ടായ വെടിവയ്പ്പിൽ ഇന്ത്യൻ വിദ്യാർത്ഥിനി കാനഡയിൽ കൊല്ലപ്പെട്ടു. 22കാരിയായ ഹർസിമ്രത് രൺധാവയാണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ അജ്ഞാതരിൽ നിന്ന് വെടിയേൽക്കുകയായിരുന്നു. പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ലെന്ന് ഹാമിൽടൺ പൊലീസ് അറിയിച്ചു.
രണ്ട് വാഹനങ്ങളിലെത്തിയ സംഘങ്ങൾ തമ്മിലുള്ള വെടിവയ്പ്പിൽ ഹർസിമ്രത്തിന് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. വെടിയുണ്ടയുടെ ദിശമാറി ഹർസിമ്രതിന്റെ നെഞ്ചില്‍ തറയ്ക്കുകയായിരുന്നു. ഇതോടെ ആക്രമികൾ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇവരെ കണ്ടെത്താനുളള ശ്രമം നടന്നുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.’യുവതിയുടെ കുടുംബവുമായി നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുകയാണ്. അവർക്ക് എല്ലാ സഹായവും ഉറപ്പ് നൽകുന്നുണ്ട്. ഈ വിഷമഘട്ടത്തിൽ ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും ദുഃഖിതരായ കുടുംബത്തോടൊപ്പമാണ്. പ്രതികളെ ഉടൻ പിടികൂടും’- പൊലീസ് കൂട്ടിച്ചേർത്തു.
കാനഡയിൽ ദുരൂഹ സാഹചര്യത്തിൽ ഇന്ത്യൻ പൗരൻമാർ കൊല്ലപ്പെടുന്നത് ഇത് ആദ്യത്തെ സംഭവമല്ല. ഏപ്രിൽ 11ന് കാനഡയിൽ മലയാളി യുവാവിനെ കാറിനുളളിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. മലയാറ്റൂർ നീലീശ്വരം സ്വദേശി ഫിന്റോ ആന്റണിയാണ് (39)മരിച്ചത്. ഈ മാസം അഞ്ച് മുതൽ ഫിന്റോയെ കാണാതായിരുന്നു. ജിപിഎസ് സംവിധാനമുള്ള വാഹനം ഉൾപ്പെടെയാണ് കാണാതായത്. ഫിന്റോ ആന്റണി കാനഡയിൽ 12 വർഷമായി ജോലി ചെയ്ത് വരികയായിരുന്നു. ഫിന്റോ ആന്റണിയെ കാണാനില്ലെന്ന് കാനഡ പൊലീസാണ് റിപ്പോർട്ട് ചെയ്തത്. ദിവസങ്ങൾ നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.