Crime
ഭീകരക്രമണത്തിന്റെ തീവ്രത വിളിച്ചോതുന്ന ചിത്രമായിരുന്നു കൊല്ലപ്പെട്ട ഭര്‍ത്താവിന്റെ സമീപത്ത് നിരാലംബയായി ഇരിക്കുന്ന ഭാര്യയുടേത്. കൊച്ചിയില്‍ നാവിക സേന ഉദ്യോഗസ്ഥനുമായ ലഫ്റ്റനന്റ് വിനയ് നര്‍വാളും ഭാര്യ ഹിമാന്‍ഷിയുമാണ് അത്

കൊച്ചി: കശ്മീര്‍ പഹല്‍ഗാമിലെ ഭീകരക്രമണത്തിന്റെ തീവ്രത വിളിച്ചോതുന്ന ചിത്രമായിരുന്നു കൊല്ലപ്പെട്ട ഭര്‍ത്താവിന്റെ സമീപത്ത് നിരാലംബയായി ഇരിക്കുന്ന ഭാര്യയുടേത്. ഹരിയാണ സ്വദേശിയും കൊച്ചിയില്‍ നാവിക സേന ഉദ്യോഗസ്ഥനുമായ ലഫ്റ്റനന്റ് വിനയ് നര്‍വാളും ഭാര്യ ഹിമാന്‍ഷിയുമാണ് ചിത്രത്തിലുള്ളത്. കാശ്മീര്‍ ഭീകരാക്രമണത്തിലെ ഏറ്റവും വേദനിപ്പിക്കുന്ന ചിത്രമായി സാമുഹിക മാധ്യമങ്ങളില്‍ ഇത് നിറയുകയും ചെയ്തു
ഇക്കഴിഞ്ഞ ഏപ്രില്‍ 16-ന് ആയിരുന്നു വിനയ്‌നര്‍വാളിന്റെയും ഹിമാന്‍ഷിയുടെയും വിവാഹം. കഴിഞ്ഞ ദിവസമാണ് വിനയ് ഭാര്യക്കൊപ്പം കശ്മീരിലെത്തിയത്. മധുവിധു ആഘോഷങ്ങള്‍ക്കിടയില്‍ ഭാര്യ ഹിമാന്‍ഷിയുടെ കണ്‍മുന്നില്‍ വച്ച് വിനയിനെ ഭീകരര്‍ വധിക്കുകയായിരുന്നു.
രണ്ട് വര്‍ഷം മുമ്പാണ് വിനയ് നര്‍വാള്‍ നാവിക സേനയില്‍ ചേര്‍ന്നത്. ഏറെക്കാലമായി കൊച്ചിയിലായിരുന്നു ഡ്യൂട്ടി. ഏപ്രില്‍ ആറിന് വിവാഹവും 19-ന് റിസപ്ഷന്‍ പരിപാടികളുമായിരുന്നു. വിവാഹത്തിനായി അവധിയെടുത്ത അദ്ദേഹം ഭാര്യയോടൊത്ത് കഴിഞ്ഞദിവസമാണ് മധുവിധു ആഘോഷങ്ങള്‍ക്കായി കശ്മീരിലേക്ക് പുറപ്പെട്ടത്. നര്‍വാളിന്റെ മരണം നാടിനും കുടുംബത്തിനും സഹപ്രവര്‍ത്തകര്‍ക്കും തീരാവേദനയായിരിക്കുകയാണ്.
വേര്‍പാടിന്റെ വേദന പലരും പങ്കുവെച്ചു. നാലുദിവസം മുന്‍പാണ് വിവാഹം കഴിഞ്ഞതെന്നു പറഞ്ഞ് ഒരു അയല്‍വാസി സങ്കടം പറയുന്നുണ്ടായിരുന്നു. ‘ഞങ്ങളെല്ലാവരും സന്തോഷത്തിലായിരുന്നു. അദ്ദേഹം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടെന്നും നര്‍വാള്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടെന്നും ഞങ്ങള്‍ക്ക് വിവരം ലഭിച്ചു’ -അയല്‍വാസി പറഞ്ഞു.
കൊല്ലപ്പെട്ടവരില്‍ എറണാകുളം ഇടപ്പള്ളി സ്വദേശി എന്‍. രാമചന്ദ്രനുമുണ്ട്. തിങ്കളാഴ്ച രാമചന്ദ്രന്‍ കുടുംബസമേതം കശ്മീരിലേക്ക് പോയതാണെന്നാണ് വിവരം. വിദേശത്തായിരുന്ന മകള്‍ എത്തിയതിനെ തുടര്‍ന്നായിരുന്നു യാത്ര. ഭാര്യ ഷീല രാമചന്ദ്രനും മകള്‍ അമ്മുവും മറ്റു ബന്ധുക്കളുമടങ്ങിയ സംഘമാണ് കശ്മീരിലേക്ക് പോയത്. ഇദ്ദേഹത്തിന് ഒരു മകന്‍ കൂടിയുണ്ട്. മകന്‍ ഹൈദരാബാദിലാണ് ജോലി ചെയ്യുന്നത്. വിവരമറിഞ്ഞ് മകന്‍ കശ്മീരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.