Connect with us

Crime

സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി ഇന്ത്യയിലെത്തി. പഹൽഗാം സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.

Published

on

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൗദി സന്ദർശനം വെട്ടിച്ചുരുക്കി മടങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലെത്തി. രാവിലെ ഏഴ് മണിയോടെയാണ് പ്രധാനമന്ത്രി ഡൽഹിയിലെത്തിയത്. പഹൽഗാം സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. വിമാനത്താവളത്തിലെ ടെക്നിക്കൽ ഏര്യയിലെ ലോഞ്ചിലാണ് യോഗം ചേർന്നത്. സുരക്ഷാകാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി യോഗവും പ്രധാനമന്ത്രി വിളിച്ചേക്കും. ധനമന്ത്രി നിർമല സീതാരാമനും ഇന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്.

അതേസമയം, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആഭ്യന്തരമന്ത്രി അമിത് ഷായുമായി സംസാരിച്ചു. ഭീകരതയ്ക്ക് എതിരായ രാജ്യത്തിന്റെ നീക്കങ്ങൾക്ക് അദ്ദേഹം പിന്തുണ അറിയിച്ചു. ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ നീക്കങ്ങൾക്ക് വിവിധ ലോകരാജ്യങ്ങളും പിന്തുണ അറിയിച്ചു. അമേരിക്ക, ഇസ്രായേൽ, ബ്രിട്ടൻ, ഓസ്ട്രേലിയ അടക്കം ലോകരാജ്യങ്ങൾ ഭീകരാക്രമണത്തെ അപലപിച്ചു. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യക്കൊപ്പമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു അറിയിച്ചു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചാണ് ഇന്ത്യ – സൗദി ഉച്ചകോടി തുടങ്ങിയത്. സൗദി കിരീടാവകാശി അനുശോചനം അറിയിച്ചു. സൗദി കിരീടാവകാശി എല്ലാ സഹായങ്ങളും വാ​ഗ്ദാനം ചെയ്തു.

ജമ്മു കാശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ 28പേരാണ് കൊല്ലപ്പെട്ടത്. 27 പുരുഷൻമാരും ഒരു സ്ത്രീയും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ആക്രമണത്തില്‍ പരിക്കേറ്റ പത്തിലധികം പേർ ചികിത്സയിലുണ്ട്. എറണാകുളം ഇടപ്പള്ളി സ്വദേശി രാമചന്ദ്രനും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ മൃതദേഹം നാടുകളിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ ആരംഭിച്ചുവെന്നും വിവരമുണ്ട്. ഒരു നേപ്പാൾ സ്വദേശിയും യുഎഇ പൗരത്വമുള്ള ഇന്ത്യൻ വംശജനും കൊല്ലപ്പെട്ടവരിലുണ്ട്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ശ്രീനഗറിൽ എത്തിച്ചു. പോസ്റ്റ്മോർട്ടം ശ്രീനഗറിൽ തന്നെ നടത്തും.

Continue Reading