KERALA
ദേവികുളം തിരഞ്ഞെടുപ്പ് കേസിൽ എ. രാജയ്ക്ക് ആശ്വാസംഎംഎൽഎ ആയി തുടരാമെന്ന് സുപ്രീം കോടതി

ഇടുക്കി: ദേവികുളം തിരഞ്ഞെടുപ്പ് കേസിൽ എ. രാജയ്ക്ക് ആശ്വാസം. രാജയ്ക്ക് എംഎൽഎ ആയി തുടരാമെന്ന് രാജയുടെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കിയ ഹൈക്കോടതി വിധി തള്ളിക്കൊണ്ട് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പട്ടികജാതി വിഭാഗങ്ങൾക്ക് സംവരണംചെയ്ത മണ്ഡലത്തിൽ മത്സരിക്കാൻ രാജയ്ക്ക് യോഗ്യതയില്ലെന്ന് വിലയിരുത്തി ഹൈക്കോടതി 2023 മാർച്ചിൽ എം.എൽ.എ.യുടെ നിയമസഭാംഗത്വം റദ്ദാക്കിയിരുന്നു.
ജഡ്ജിമാരായ എ അമാനുള്ള, പി.കെ. മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി തിരഞ്ഞെടുപ്പ് ജയം ശരിവെച്ചത്. സംവരണ സീറ്റിൽ മത്സരിക്കാൻ രാജയ്ക്ക് യോഗ്യതയില്ലെന്നു ചൂണ്ടിക്കാട്ടി 2023 മാർച്ച് 20-നാണ് ഹൈക്കോടതി തിരഞ്ഞെടുപ്പു ഫലം റദ്ദാക്കിയത്.
ക്രിസ്തുമതവിശ്വാസിയായ രാജയ്ക്ക് സംവരണമണ്ഡലത്തിൽ മത്സരിക്കാൻ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി എതിർ സ്ഥാനാർഥിയായ യു.ഡി.എഫിലെ ഡി. കുമാറായിരുന്നു ഹർജി നൽകിയത്. ഇതിനെതിരേ സുപ്രീംകോടതിയിലെത്തിയ രാജയ്ക്ക് അനുകൂലമായി വിധിച്ച ബെഞ്ച്, ഹൈക്കോടതി ഉത്തരവ് ഇടക്കാലത്തേക്ക് സ്റ്റേ ചെയ്തിരുന്നു.
ഹിന്ദു പറയൻ സമുദായാംഗമാണെന്ന് അവകാശപ്പെട്ടാണ് രാജ മത്സരിച്ചത്. രാജ വളരെമുമ്പ് ക്രിസ്തുമതത്തിലക്ക് മാറിയതാണെന്നും ആ വിശ്വാസമാണ് പിന്തുടരുന്നതെന്നും വിലയിരുത്തിയായിരുന്നു ജനപ്രാതിനിധ്യനിയമപ്രകാരമുള്ള ഹൈക്കോടതി നടപടി.
തമിഴ്‌നാട്ടിൽനിന്ന് മൂന്നാറിലേക്ക് കുടിയേറിയ ഹിന്ദു പറയർ വിഭാഗക്കാരായ മാതാപിതാക്കൾക്കുണ്ടായ മകനാണ് തന്റെ പിതാവെന്ന് രാജ സുപ്രീംകോടതിയിൽ വാദിച്ചത്. ഇന്ത്യന്‍ ഭരണഘടനയിലെ (പട്ടിക ജാതി) ഉത്തരവ് നിലവിൽവന്ന 1950 ഓഗസ്റ്റ് 10-ന് മുമ്പ് കുടിയേറിയതിനാൽ തമിഴ് നാട്ടിലെ സംവരണത്തിന് ഉണ്ടായിരുന്ന അർഹത കേരളത്തിലും ഇവർക്ക് ഉണ്ടെന്ന് രാജക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി. ഗിരിയും അഭിഭാഷകൻ ജി. പ്രകാശും സുപ്രീം കോടതിയിൽ വാദിച്ചിരുന്നു.