KERALA
അന്‍വറിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളുമായി കോണ്‍ഗ്രസ് :മുന്നണിയ്ക്കകത്ത് അന്‍വറുണ്ടാകുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്ന് കെ.സുധാകരൻ

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വിഷയത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് പി.വി. അന്‍വറിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളുമായി കോണ്‍ഗ്രസ് . അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ പാര്‍ട്ടിയ്ക്ക് അനുകൂല നിലപാടുള്ളതെന്ന് മുതിര്‍ന്ന നേതാവ് കെ. സുധാകരൻ പറഞ്ഞു. ആര്യാടന്‍ മുഹമ്മദിനോടുള്ള പാര്‍ട്ടിയുടെ ബഹുമാനമാണ് ആര്യാടന്‍ ഷൗക്കത്തിന് സ്ഥാനാര്‍ഥിയാക്കാനുള്ള പാര്‍ട്ടി തീരുമാനമെന്ന് കെ. സുധാകരന്‍ പറഞ്ഞു. അന്‍വറുമായി പാര്‍ട്ടി നല്ല രീതിയിലുള്ള ബന്ധമുണ്ടാക്കാനാണ് ആഗ്രഹിക്കുന്നതെന്നും അന്‍വറിനെ പാര്‍ട്ടി ഒപ്പം നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
അന്‍വറിനെ ഇന്നലെ കണ്ടിരുന്നു. വിശദമായി സംസാരിച്ചിരുന്നു. കോണ്‍ഗ്രസും അന്‍വറും തമ്മിലുള്ള ബന്ധം കേരള രാഷ്ട്രീയത്തില്‍ മലപ്പുറം ജില്ലയില്‍ ചരിത്രപരമായ ഒരു ഡീവിയേഷന്‍ ഉണ്ടാക്കുമെന്ന കാര്യത്തില്‍ തര്‍ക്കം നിങ്ങള്‍ക്കാര്‍ക്കും വേണ്ട. ഞങ്ങളെല്ലാവരും അതിന്റെ പുറകിലാണ്. കോണ്‍ഗ്രസ് അക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. അന്‍വറും അതില്‍നിന്ന് പുറകോട്ടല്ല. അന്‍വറിന് അഭിപ്രായവ്യത്യാസങ്ങളുണ്ടാകും. ഒരു മുന്നണിയ്ക്കകത്തുവരുമ്പോള്‍, ഒരു പാര്‍ട്ടിയ്ക്കകത്തുവരുമ്പോള്‍ അഭിപ്രായവ്യത്യാസം സ്വാഭാവികമല്ലേ. ആ സ്വാഭാവികതയില്‍ ഒന്നല്ലേ നടത്താന്‍ പറ്റൂ. അത് പാര്‍ട്ടി നടത്തിക്കഴിഞ്ഞു. എല്ലാ നേതാക്കന്‍മാരും ഐകകണ്‌ഠ്യേന എടുത്ത തീരുമാനമാണ് ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കുന്നത്. ആ തീരുമാനത്തില്‍ തെറ്റുപറയാന്‍ ആര്‍ക്കും സാധിക്കില്ലെന്നും സുധാകരൻ പറഞ്ഞു.
ആര്യാടന്‍ മുഹമ്മദിന്റെ മകനാണ്. ആര്യാടന്‍ മുഹമ്മദിന്റെ ചരിത്രം തന്നെ ആ മണ്ണിനെ ഇളക്കിമറിക്കുന്ന വികാരമാണ്. ആ വികാരത്തിന്റെ പ്രതിപുരുഷനാണ് ഷൗക്കത്ത്. അതുകൊണ്ട് ഷൗക്കത്തിന് ഒരു സ്ഥാനമാനം കൊടുക്കുക, ബഹുമാനിക്കുക എന്നുപറഞ്ഞാല്‍ അത് ആര്യടന്‍ മുഹമ്മദിന് നല്‍കുന്നതുപോലെയാണ്. അതാണ് കോണ്‍ഗ്രസിലെ ഓരോ ആളുകളുടെയും ചിന്ത. അതിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുത്തു. ഒരു അപകടവുമില്ല. അന്‍വര്‍ ഞങ്ങളോടൊപ്പമുണ്ടാകും. അന്‍വറിനെ ഞങ്ങളുടെ കൂടെ നിര്‍ത്തിക്കൊണ്ടുപോകും. മുന്നണിയ്ക്കകത്ത് അന്‍വറുണ്ടാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട. അന്‍വര്‍ യുഡിഎഫിന്റെ ഭാഗമാകും. അദ്ദേഹത്തിന്റെ താല്‍പര്യങ്ങള്‍ പരമാവധി സംരക്ഷിച്ചുകൊടുക്കാന്‍ ഞങ്ങള്‍ക്കെല്ലാം താല്‍പര്യമുണ്ട്.
അന്‍വറും ഞാനും തമ്മില്‍ വര്‍ഷങ്ങളുടെ പഴക്കമുള്ള വ്യക്തിപരമായ ബന്ധമുണ്ട്. ആ ബന്ധമൊക്കെ ഉപയോഗിച്ച് സ്നേഹമസൃണമായ ഒരു ബന്ധം മുന്നണിയില്‍ അന്‍വറുമായി ഞങ്ങളുണ്ടാക്കും. അന്‍വര്‍ മത്സരിക്കുന്ന കാര്യം രണ്ടുദിവസം കഴിഞ്ഞു പറയാം. ഘടകകക്ഷിയാക്കുന്ന കാര്യം എപ്പോള്‍ വേണമെങ്കിലും എടുക്കാം. അന്‍വറിനെപ്പോലെ ഒരാളെ പാര്‍ട്ടിയ്ക്ക് കിട്ടുന്നത് ഒരു അസറ്റല്ലേയെന്നും സുധാകരൻ ചോദിച്ചു.