Connect with us

KERALA

കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ ഗുരുതര ആരോപണവുമായ് എം.ഡി ബിജു പ്രഭാകർ

Published

on

തിരുവനന്തപുരം: കെ എസ് ആർ ടി സിയിൽ വൻ പ്രതിസന്ധിയെന്ന് എം ഡി ബിജുപ്രഭാകർ. ആരേയും പിരിച്ചുവിടില്ലെങ്കിലും ജീവനക്കാരുടെ എണ്ണം കുറയ്‌ക്കേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ടിക്കറ്റ് മെഷീനിൽ തട്ടിപ്പ് നടക്കുന്നുണ്ട്. വർക്ക്‌ഷോപ്പുകളിൽ സാമഗ്രികൾ വാങ്ങുന്നതിലും ക്രമക്കേടുണ്ട്. സി എൻ ജിയെ എതിർക്കുന്നത് ഡീസൽ വെട്ടിപ്പ് തുടരാനാണെന്നും ബിജു പ്രഭാകർ പറഞ്ഞു

2012 മുതൽ 2015 വരെയുളള കാലയളവിൽ കെ എസ് ആർ ടി സിയുടെ 100 കോടിയോളം രൂപ കാണാനില്ല. അന്ന് അക്കൗണ്ട്സ് മാനേജറായിരുന്ന ശ്രീകുമാറിനെതിരെ നടപടി സ്വീകരിക്കും. നിലവിൽ എക്‌സിക്യൂട്ടീവ് ഡയറക്‌ടറാണ് ശ്രീകുമാർ. മറ്റൊരു എക്സിക്യൂട്ടീവ് ഡയറക്‌ടറായ ഷറഫിനെതിരെയും നടപടിയുണ്ടാകും. 22000 പേരായി ആദ്യഘട്ടം ജീവനക്കാരെ കുറയ്ക്കും. പിന്നീട് 15000 ആയും 10000 ആയും ജീവനക്കാരെ കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജീവനക്കാരിൽ 7090 പേർ പഴയ ടിക്കറ്റ് നൽകി വെട്ടിപ്പ് നടത്തുന്നു. ദീർഘദൂര ബസ് സർവീസുകാരെ സഹായിക്കാനുളള ശ്രമമാണ് നടത്തുന്നത്. അടുത്ത മൂന്ന് വർഷം മുതൽ അഞ്ച് വർഷം വരെ സമഗ്രമായ മാറ്റം കെ എസ് ആർ ടി സിയിൽ ഉണ്ടാകുമെന്നും ബിജു പ്രഭാകർ വ്യക്തമാക്കി.കെ എസ് ആർ ടി സിയുടെ തലപ്പത്ത് ബിജുപ്രഭാകർ ചുമതലയേറ്റെടുത്ത ശേഷം ആദ്യമായാണ് ജീവനക്കാർക്കെതിരെ രൂക്ഷമായ പ്രതികരണമുണ്ടാകുന്നത്. കെ എസ് ആർ ടി സി കടം കയറി നിൽക്കുകയാണ്. സ്ഥലം വിൽക്കാനും പാട്ടത്തിന് നൽകാനും തീരുമാനിച്ചത് അതുകൊണ്ടാണ്. പുതിയ കമ്പനി രൂപീകരിക്കുമെന്ന് കരുതി കെ എസ് ആർ ടി സിയെ മുറിച്ച് മാറ്റില്ലെന്നും ബിജു പ്രഭാകർ പറഞ്ഞു.ബിജുപ്രഭാകർ സി എം ഡി ആയി വന്നശേഷം പല തരത്തിലുളള മാറ്റങ്ങൾ കെ എസ് ആർ ടി സിയിൽ നടക്കുന്നുണ്ട്. അതിനിടയിലാണ് യൂണിയനെതിരെ ഏറ്റുമുട്ടലിലേക്ക് ബിജുപ്രഭാകർ നീങ്ങുന്നത്.

Continue Reading