International
ഗാബ ടെസ്‌റ്റിൽ ഇന്ത്യയ്‌ക്ക് ഇതിഹാസ ജയം

ബ്രിസ്‌ബെയ്‌ൻ: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലെ ഗാബ ടെസ്‌റ്റിൽ ഇന്ത്യയ്‌ക്ക് ഇതിഹാസ തുല്യമായ വിജയം. അവസാന സെഷനിൽവിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മാൻ ഋഷഭ് പന്തിന്റെ കരുത്തിൽ (139 പന്തുകളിൽ പുറത്താകാതെ 89) ഇന്ത്യ മൂന്ന് വിക്കറ്റ് ശേഷിക്കെ 328 റൺസ് വിജയലക്ഷ്യം നേടി. ഇതോടെ പരമ്പര 2-1ന് സ്വന്തമാക്കിയ ഇന്ത്യ ബോർഡർ-ഗവാസ്‌കർ ട്രോഫി നിലനിർത്തി. ഗാബയിൽ ഇന്ത്യ നേടുന്ന ആദ്യ ടെസ്‌റ്റ് വിജയമാണിത്.
നാല് ടെസ്‌റ്റുകളുളള പരമ്പരയിൽ ആദ്യ ടെസ്‌റ്റിൽ ഇന്ത്യയെ നയിച്ചത് വിരാട് കൊഹ്‌ലിയാണ്. തുടർന്ന് ഇന്ത്യയിലേക്ക് മടങ്ങിയ കൊഹ്‌ലിക്ക് പകരം ടീമിനെ നയിച്ച അജിങ്ക്യ രഹാനെയ്‌ക്ക് ഇത് അഭിമാന നേട്ടമായി.
വിക്കറ്റ് നഷ്‌ടമില്ലാതെ നാല് റൺസ് എന്നനിലയിൽ ബാറ്രിംഗ് ആരംഭിച്ച ഇന്ത്യയ്‌ക്ക് വേണ്ടി ഓപ്പണർ ശുഭ്‌മാൻ ഗിൽ(91), ചേതേശ്വർ പൂജാര(56) എന്നിവർക്ക് പിന്നാലെ ഋഷഭ് പന്തും അർദ്ധസെഞ്ചുറി നേടി.ഓസ്‌ട്രേലിയ കുറിച്ച 328 വിജയലക്ഷ്യം പിന്തുടർന്ന് ഇന്ന് കളി ആരംഭിച്ച ശേഷം ഇന്ത്യയ്ക്ക് ആദ്യം നഷ്‌ടമായത് ഉപനായകൻ രോഹിത് ശർമ്മയെയാണ് (7), തുടർന്ന് ശുഭ്‌മാൻ ഗില്ലും പൂജാരയും ചേർന്ന് സഖ്യം 114 റൺസ് കൂട്ടിച്ചേർത്തു. മൂന്നാം മത്സരത്തിൽ കന്നി സെഞ്ചുറിയ്‌ക്ക് ഒൻപത് റൺസ് മാത്രം അകലെ നേഥാൻ ലയാൺ ഗില്ലിനെ പുറത്താക്കി. തുടർന്ന് ബാറ്റ് ചെയ്യാനെത്തിയ നായകൻ അജിങ്ക്യ രഹാനെ ഏകദിന ശൈലിയിൽ 22 പന്തിൽ 28 റൺസ് നേടി പുറത്തായി. എന്നാൽ ഒരറ്റത്ത് ഉറച്ചുനിന്ന പൂജാര കരിയറിൽ ഏറ്റവും വേഗം കുറഞ്ഞ അർത്ഥസെഞ്ചുറിയുടെ സ്വന്തം റെക്കോർഡ് തിരുത്തി. 196 പന്തുകൾ നേരിട്ടാണ് പൂജാര 50 റൺസ് പൂർത്തിയാക്കിയത്.211 പന്തുകൾ നേരിട്ട പൂജാര ഏഴ് ബൗണ്ടറികൾ സഹിതം 56 റൺസ് നേടി പുറത്തായി.പിന്നീടെത്തിയ മയാങ്ക് അഗർവാൾ 9 റൺസ് നേടി പുറത്തായി. തുടർന്ന് എത്തിയ വാഷിംഗ്ടൺ സുന്ദർ 29 പന്തുകളിൽ 22 റൺസ് നേടി ഇന്ത്യയ്‌ക്ക് വിജയത്തിന് വേഗം കൂട്ടി. സുന്ദർ പുറത്തായതോടെ എത്തിയ ശാർദുൽ ധാക്കൂറും(2) വേഗം മടങ്ങി.എന്നാൽ പിന്നീടെത്തിയ സെയിനിയെ കൂട്ടി ഋഷഭ് പന്ത് വിജയലക്ഷ്യം നേടി. ഓസ്‌ട്രിലിയയ്ക്ക് വേണ്ടി പാറ്റ് കമ്മിൻസ് നാല് വിക്കറ്റുകളും നേഥൻ ലയാൺ രണ്ട് വിക്കറ്റുകൾ വീഴ്‌ത്തി.