HEALTH
ചുമയും തൊണ്ട വേദനയും മാത്രമല്ല , ഇനി കൊവിഡ് ലക്ഷണങ്ങള്‍ . നഖങ്ങളിലും ചെവികളിലും അറിയാം

തിരുവനന്തപുരം. കോവിഡ് ഉണ്ടോ എന്നറിയാൻ ശ്രദ്ധിക്കേണ്ട രോഗലക്ഷണങ്ങൾ പലതുമുണ്ട്. വരണ്ട ചുമ മുതൽ തൊണ്ട വേദനയും പേശി വേദനയും വരെ ശ്രദ്ധിക്കേണ്ട പലതരത്തിലുള്ള ലക്ഷണങ്ങൾ. എന്നാൽ ഇവയ്ക്കെല്ലാം പുറമേ നമ്മുടെ നഖങ്ങൾക്കും ചെവിക്കും കോവിഡ് മുന്നറിയിപ്പു നൽകാൻ സാധിക്കും.
നഖങ്ങളും ചെവിയും ഒരു പൾസ് ഓക്സിമീറ്ററിന്റെ സഹായത്തോടെയാണ് കോവിഡ് സൂചന നൽകുന്നത്. കൊറോണ വൈറസും രക്തത്തിലെ ഓക്സിജന്റെ അളവും തമ്മിലുള്ള ബന്ധം ഇതിനു സഹായകമാകുന്നു. രക്തത്തിലെ ഓക്സിജൻ തോതിൽ ആശങ്കപ്പെടുത്തുന്ന വിധം വ്യതിയാനങ്ങൾ വരുത്താൻ കൊറോണാ വൈറസിനു സാധിക്കും.
ശ്വാസകോശത്തിന് നേരിട്ട് ക്ഷതം ഏൽപ്പിച്ച് നീർക്കെട്ടും അണുബാധയും ഉണ്ടാക്കുന്ന മാരക വൈറസാണ് കൊറോണ. ഇത് രക്തത്തിലൂടെയുള്ള ഓക്സിജൻ കൈമാറ്റത്തിന്റെ കാര്യക്ഷമതയെയും ബാധിക്കും. കോവിഡ് മൂലം വെന്റിലേറ്ററിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികൾക്ക് മാത്രമല്ല ഏതു കോവിഡ് രോഗിക്കും സംഭവിക്കാം ഇത്തരത്തിൽ ഓക്സിജൻ വ്യതിയാനം. ചെവിയിലോ നഖത്തിലോ ഘടിപ്പിക്കുന്ന പൾസ് ഓക്സിമീറ്റർ എന്നാൽ ചെറു ഉപകരണം ഈ വ്യതിയാനം പ്രതിഫലിപ്പിക്കും.
പൾസ് ഓക്സിമീറ്റർ ഉപയോഗിക്കുന്ന സമയത്ത് നഖത്തിൽ നെയിൽ പോളീഷും പൊടിയും അഴുക്കും ഒന്നുമില്ലെന്ന് ഉറപ്പുവരുത്തണം. കാരണം ഇവ റീഡിങ്ങിനെ ബാധിക്കാം.
കോവിഡ് മൂലം വീടുകളിൽ ക്വറന്റീനിൽ ഇരിക്കുന്ന രോഗികൾ പൾസ് ഓക്സിമീറ്റർ ഉപയോഗിച്ച് രക്തത്തിലെ ഓക്സിജൻ തോത് നിരീക്ഷിക്കണമെന്നും ആരോഗ്യവിദഗ്ധർ പറയുന്നു; പ്രത്യേകിച്ച് മുതിർന്ന പൗരന്മാർ. ഓക്സിജനിൽ കാര്യമായ വ്യതിയാനം ഉണ്ടാകുന്ന രോഗികൾ ആശുപത്രിയിൽ ചികിത്സ തേടേണ്ടതും അത്യാവശ്യമാണ്.