KERALA
തില്ലങ്കേരി ഡിവിഷൻ തെരഞ്ഞെടുപ്പിൽ കള്ളവോട്ടും, ബൂത്തു പിടിത്തവും തടയാൻ ഹൈക്കോടതിയുടെ ഉത്തരവ്

കണ്ണൂർ: ജില്ലാപഞ്ചായത്ത് തില്ലങ്കേരി ഡിവിഷൻ തെരഞ്ഞെടുപ്പിൽ കള്ളവോട്ടും, ബൂത്തു പിടിത്തവും ഒഴിവാക്കാൻ ശക്തമായ നടപടി എടുക്കാൻ തെരഞ്ഞെടുപ്പു കമ്മീഷന് ഹൈക്കോടതിയുടെ ഉത്തരവ്.
64 ബൂത്തുകളിലും അകത്തും പുറത്തും വീഡിയോ ചിത്രീകരണം ഉണ്ടാകണം. തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ച തിരിച്ചറിയൽ കാർഡ് ഇല്ലാത്ത ആരെയും ബൂത്തിൽ പ്രവേശിപ്പിക്കരുതെന്നും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
64 ബൂത്തുകളും സുരക്ഷ ഭീഷണി ഉള്ളവയാണ്. അതിനാൽ മതിയായ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കാനും കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. യുഡിഎഫ് സ്ഥാനാർഥി ലിൻഡ ജെയിംസിന്റെ തെരഞ്ഞെടുപ്പ് ഏജന്റ് നൽകിയ ഹർജിയിലാണ് നടപടി. വ്യാഴാഴ്ചയാണ് തിലല്ലങ്കേരി ഡിവിഷൻ തെരഞ്ഞെടുപ്പ്.
യുഡിഎഫ് സ്ഥാനാർഥിയുടെ അപ്രതീക്ഷിത നിര്യാണത്തെ തുടർന്നാണ് തില്ലങ്കേരി ഡിവിഷനിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചത്. സിപിഎം ഇരിട്ടി ഏരിയ സെക്രട്ടറിയായിരുന്ന ബിനോയ് കുര്യനാണ് ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥി. ജില്ലാ പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് നടന്ന സീറ്റുകളിൽ 16 ഇടത്ത് എൽഡിഎഫും ഏഴിടത്ത് യുഡിഎഫുമാണ് വിജയിച്ചത്.