KERALA
കെ. സുധാകരൻ എംപിയെ കോൺഗ്രസ് ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചു

ന്യൂഡൽഹി: കെ. സുധാകരൻ എംപിയെ കോൺഗ്രസ് ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചു. കെപിസിസി നേതൃപദവി സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനാണ് സുധാകരനെ വിളിപ്പിച്ചതെന്നാണ് സൂചന.
പാർട്ടി ഏൽപ്പിക്കുന്ന ഏത് പദവിയും ഏറ്റെടുക്കാൻ തയാറാണെന്നാണ് സുധാകരന്റെ നിലപാട്. ഇക്കാര്യം അദ്ദേഹം ഹൈക്കമാൻഡിനെ അറിയിക്കും. രാഹുൽ ഗാന്ധിയെയും കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കളെയും അദ്ദേഹം കാണുന്നുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിൽ മുല്ലപ്പള്ളി രാമചന്ദ്രൻ കൽപ്പറ്റയിൽ നിന്നു മത്സരിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ സുധാകരനെ ഡൽഹിക്ക് വിളിപ്പിച്ചതോടെയാണ് അദ്ദേഹം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുമോ എന്ന സംശയങ്ങൾക്ക് കാരണം.
കഴിഞ്ഞ ദിവസം മുതിർന്ന നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചപ്പോൾ സുധാകരനും ക്ഷണമുണ്ടായിരുന്നു. പക്ഷേ, അദ്ദേഹം ഡൽഹിക്ക് പോയിരുന്നില്ല.