Crime
സോളാര്‍ പീഡന കേസുകൾ സിബിഐക്ക് വിട്ടു

തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഏറെ കോളിളക്കമുണ്ടാക്കിയ സോളാർ ലൈംഗിക പീഡന കേസ് സിബിഐക്ക് വിട്ടു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, നേതാക്കളായ കെ.സി. വേണുഗോപാൽ, എ.പി. അനിൽകുമാർ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, ബിജെപി നേതാവ് എ.പി. അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരെയുള്ള കേസുകളുടെ അന്വേഷണമാണ് സിബിഐക്ക് വിട്ടത്.
അടുത്തിടെ പരാതിക്കാരി മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടതു പ്രകാരമാണ് അന്വേഷണം സിബിഐക്ക് കൈമാറാൻ സർക്കാർ തീരുമാനിച്ചത്. ഇതു സംബന്ധിച്ച് സർക്കാർ നയപരമായ തീരുമാനം എടുത്തു. വിജ്ഞാപനം പുറത്തിറങ്ങിയിട്ടുണ്ട്. സർക്കാരിന്റെ ശുപാർശ ഉടൻ കേന്ദ്രത്തിന് അയയ്ക്കും.
2018 ഒക്ടോബറിലാണ് ഉമ്മൻചാണ്ടി, കെ.സി. വേണുഗോപാൽ, ഹൈബി ഈഡൻ എന്നിവർക്കെതിരെ സോളാർ കേസ് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്തത്. തുടർന്ന് മുൻ മന്ത്രിമാരായ എ.പി. അനിൽകുമാർ, അടൂർ പ്രകാശ്, അനിൽ കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി സഹദുള്ള എന്നിവർക്കെതിരെയും പീഡനക്കേസ് ചുമത്തി. മന്ത്രിമാരുടെ ഔദ്യോഗിക വസതികളിലും എംഎൽഎ ഹോസ്റ്റലിലും ഹോട്ടലുകളിലും വെച്ച് പീഡിപ്പിച്ചെന്നായിരുന്നു മൊഴി.