Connect with us

KERALA

രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു

Published

on

പത്തനംതിട്ട: യുവനടിക്ക് അശ്ലീല സന്ദേശമയച്ച വിഷയത്തില്‍ ഉയര്‍ന്ന വിവാദങ്ങളെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ചു. രാജിക്കത്ത് യൂത്ത് കോണ്‍ഗ്രസ് നേതൃത്തിന് കൈമാറി. വിഷയത്തില്‍ ധാര്‍മികതയുടെ പുറത്താണ് രാജിവെക്കുന്നതെന്ന് രാഹുല്‍ വ്യക്തമാക്കി. അടൂരിലെ വീട്ടില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാജി പ്രഖ്യാപനം

പാര്‍ട്ടി പ്രവര്‍ത്തകര്‍ സര്‍ക്കാരിനെതിരായി നിലപാടെടുക്കുന്ന സമയത്ത് ഇത്തരം വിഷയങ്ങളില്‍ ന്യായീകരിക്കേണ്ടി വരുന്ന പ്രതിസന്ധി സൃഷ്ടിക്കുന്നില്ല. അതുകൊണ്ട് രാജിവെക്കുകയാണ്. കുറ്റം ചെയ്തതുകൊണ്ടല്ല രാജിവെക്കുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അദ്ദേഹം മറുപടി പറയണമെന്ന് പാര്‍ട്ടിയില്‍ ആവശ്യം ഉയര്‍ന്നിരുന്നു. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്ന് മാറിനില്‍ക്കണമെന്ന ആവശ്യവും ശക്തമായിരുന്നു. അന്വേഷണവിധേയമായി രാഹുലിനോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെടുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളില്‍നിന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.

നടി ആരുടെയും പേര് പറയാതെയായിരുന്നു ആരോപണങ്ങളെങ്കിലും പാര്‍ട്ടി ഗ്രൂപ്പുകളില്‍ രാഹുലിന്റെ പേര് പരാമര്‍ശിച്ച് തന്നെയാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ഉയര്‍ന്നത്.

ഒരു പ്രവാസി എഴുത്തുകാരിയും രാഹുലിന്റെ പേര് പറഞ്ഞ് ആരോപണം ഉന്നയിച്ചതോടെ രാഹുല്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വെയ്ക്കണമെന്ന ആവശ്യം ശക്തമായി. ആരോപണങ്ങള്‍ക്ക് രാഹുല്‍ മറുപടി പറയണമെന്നും തെറ്റായ ആരോപണമാണ് ഉന്നയിച്ചതെങ്കില്‍ ഉന്നയിച്ചവര്‍ക്കെതിരെ കേസ് കൊടുക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി.സ്നേഹ പ്രതികരിച്ചിരുന്നു.

Continue Reading