NATIONAL
കാര്‍ഷിക നിയമങ്ങളെക്കുറിച്ച് രാജ്യത്തെ ഭൂരിഭാഗം കര്‍ഷകര്‍ക്കും ഇപ്പോഴും അറിവില്ലെന്ന് രാഹുല്‍ ഗാന്ധി

കല്‍പ്പറ്റ : കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ വിവാദ കാര്‍ഷിക നിയമങ്ങളെക്കുറിച്ച് രാജ്യത്തെ ഭൂരിഭാഗം കര്‍ഷകര്‍ക്കും ഇപ്പോഴും അറിവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആപത്തിനെപ്പറ്റി അറിവുണ്ടായിരുന്നെങ്കില്‍ രാജ്യം മുഴുവന്‍ സമരഭൂമിയായേനെ. രാജ്യം കത്തിയേനെയെന്നും രാഹുല്‍ പറഞ്ഞു. കല്‍പ്പറ്റയില്‍ പൊതുചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രിട്ടീഷ് കാലത്തെ പഴയ നിയമം വലിച്ചെറിഞ്ഞിട്ടാണ് ഇന്ത്യ, കര്‍ഷകര്‍ക്ക് സുരക്ഷയും മതിയായ നഷ്ടപരിഹാരവും ഉറപ്പാക്കുന്ന പുതിയ ബില്‍ കൊണ്ടുവന്നത്. എന്നാല്‍ നരേന്ദ്രമോദി അധികാരത്തില്‍ എത്തിയപ്പോള്‍ ആദ്യം ചെയ്തതത് ഈ നിയമത്തെ ഇല്ലാതാക്കാനാണ്. ഇതിനെതിരെ പാര്‍ലമെന്റില്‍ അടക്കം നാം പോരാടിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
ഏതാനും വര്‍ഷം മുമ്പ് കര്‍ഷകര്‍ക്ക് ദ്രോഹകരമാകുന്ന ചില സംഗതികള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. യുപിയിലെ ഭട്ട പര്‍സോള്‍ ഗ്രാമത്തിലെ ഭൂമി പ്രശ്‌നമാണ് ഇതിന്റെ തുടക്കം. ഇത് മനസ്സിലാക്കിയ താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് വിഷയം ചര്‍ച്ച ചെയ്തു. ഇതിന്‍രെ ഫലമായാണ് പുതിയ ഭൂമി ഏറ്റെടുക്കല്‍ ബില്‍ യാഥാര്‍ത്ഥ്യമായതെന്നും അദ്ദേഹം കൂടിച്ചേർത്തു.