Connect with us

Entertainment

സംസ്ഥാനചലച്ചിത്രപുരസ്‌കാരങ്ങൾ സമ്മാനിച്ചു

Published

on


തിരുവനന്തപുരം: ജനസ്വാധീനമുള്ള കലാരൂപത്തെ സാമൂഹ്യനീതിക്കായി വിനിയോഗിച്ച കലാകാരന്മാരെ ആദരിക്കുന്നതാണ് ഓരോ അവാർഡുകളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അമ്പതാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌‌കാര വിതരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുരസ്‌കാരങ്ങൾ ചലച്ചിത്രകാരന്മാരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി എ.കെ. ബാലൻ അദ്ധ്യക്ഷത വഹിച്ചു. ജെ.സി.ഡാനിയേൽ പുരസ്‌കാരത്തിന്റെ മാതൃകയിൽ അടുത്ത വർഷം മുതൽ ടെലിവിഷൻ രംഗത്ത് സമഗ്ര സംഭാവനയ്‌ക്കുള്ള പുരസ്‌കാരം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

ജെ.സി. ഡാനിയേൽ പുരസ്‌കാരം സംവിധായകൻ ഹരിഹരന് വേണ്ടി ഗാനരചയിതാവും മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാർ ഏറ്റുവാങ്ങി. മികച്ച നടൻ സുരാജ് വെഞ്ഞാറമൂട്, നടി കനി കുസൃതി, സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, സ്വഭാവ നടി സ്വാസിക വിജയ്, മികച്ച ചിത്രമായ വാസന്തിയുടെ സംവിധായകർ ഷിനോസ് റഹ്മാൻ, സജസ് റഹ്മാൻ, പ്രത്യേക ജൂറി പരാമർശം നേടിയ നിവിൻ പോളി, അന്നബെൻ, പ്രിയംവദ കൃഷ്ണൻ തുടങ്ങിയവർ പുരസ്‌‌കാരങ്ങൾ ഏറ്റുവാങ്ങി. ഐ.എഫ്.എഫ്.കെയുടെ പേരിലുള്ള തപാൽ സ്റ്റാമ്പ് കേരള സർക്കിൾ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ മറിയാമ്മ തോമസ് മുഖ്യമന്ത്രി പിണറായി വിജയന് നൽകി പ്രകാശനം ചെയ്തു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ‌ഡി. സുരേഷ് കുമാർ, ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ, കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ, ജൂറി ചെയർമാൻ മധു അമ്പാട്ട്, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്ജ്, ചലച്ചിത്ര അക്കാഡമി സെക്രട്ടറി അജോയ് എന്നിവർ പങ്കെടുത്തു.

പുരസ്‌കാരം നേരിട്ട് നൽകാതെ മുഖ്യമന്ത്രിമുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ജേതാക്കൾക്ക് മുഖ്യമന്ത്രി ഇത്തവണ നേരിട്ട് പുരസ്‌കാരം നൽകിയില്ല. വേദിയിലെ മേശപ്പുറത്ത് വച്ച പുരസ്‌കാരങ്ങൾ ജേതാക്കൾ സ്വയം എടുത്തശേഷം മുഖ്യമന്ത്രിക്കും മറ്റുമന്ത്രിമാർക്കുമൊപ്പം ഫോട്ടോയെടുക്കുകയായിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ പുരസ്‌കാരങ്ങൾ താൻ നേരിട്ട് നൽകുന്നത് നല്ലതല്ലെന്നും മേശപ്പുറത്തു വയ്‌ക്കുന്നവ ഓരോരുത്തരും സ്വീകരിക്കുന്നതായിരിക്കും ഉചിതമെന്നും മുഖ്യമന്ത്രി പറഞ്ഞതനുസരിച്ചാണ് ചടങ്ങിൽ മാറ്റം വരുത്തിയത്.

Continue Reading