HEALTH
കോവിഡ് നിയന്ത്രണം: കൂട്ടംകൂടിയാല്‍ പൊലീസ് പൊക്കും

തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കാനും രാത്രകളിലെ അനാവശ്യ യാത്രകള്‍ തടയാനും പോലീസ് പരിശോധന ശക്തമാക്കി. ഇതിനായി മുഴുവന്‍ സേനാംഗങ്ങളെയും വിന്യസിക്കാന്‍ സംസ്ഥാന പോലീസ് മേധാവി നിര്‍ദേശം നല്‍കി. ഫെബ്രുവരി 10 വരെയാണ് നിയന്ത്രണം. ആള്‍ക്കൂട്ടം ഉണ്ടാകാനിടയുള്ള മാര്‍ക്കറ്റുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കും. രാത്രി പത്തിനുശേഷം അവശ്യയാത്രകള്‍ മാത്രമേ അനുവദിക്കൂ.
ക്രമസമാധാനവിഭാഗം എ.ഡി.ജി.പി. വിജയ് സാക്കറെയ്ക്കാണ് നിയന്ത്രണങ്ങളുടെ ചുമതല. ആവശ്യമുള്ള സ്ഥലങ്ങളില്‍ വിവേചനാധികാരം പ്രയോഗിക്കാനും അനുമതി നല്‍കി. ആവശ്യമെങ്കില്‍ സ്‌പെഷ്യല്‍ യൂണിറ്റുകളിലെ പോലീസ് ഉദ്യോഗസ്ഥരുടെയും ബറ്റാലിയന്‍ ഉദ്യോഗസ്ഥരുടെയും സേവനവും ജില്ലാ പോലീസ് മേധാവിമാര്‍ക്ക് വിനിയോഗിക്കാം.
സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുള്ള സ്ഥലങ്ങളില്‍ പോലീസ് അവരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഹൈവേ പട്രോള്‍, കണ്‍ട്രോള്‍റൂം വാഹനങ്ങള്‍, മറ്റ് പോലീസ് വാഹനങ്ങള്‍ എന്നിവയും രംഗത്തുണ്ടാവും. സംസ്ഥാന പോലീസ് മേധാവിയുടെയും വിവിധ ജില്ലകളിലെ പോലീസ് കണ്‍ട്രോള്‍ റൂമുകള്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒഴിവാക്കാനാവാത്ത കാരണങ്ങള്‍ക്ക് മാത്രമേ ഇക്കാലയളവില്‍ ഉദ്യോഗസ്ഥര്‍ക്ക് അവധി അനുവദിക്കൂ. പോലീസ് ഉദ്യോഗസ്ഥര്‍ സ്വന്തം സുരക്ഷയ്ക്ക് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.