Connect with us

Entertainment

എന്നും താങ്ങായത് വിമല തന്നെ ‘പത്ര പ്രവർത്തകൻ്റെ റോളിലും ശ്രീനി തിളങ്ങി

Published

on

കണ്ണൂർ: സിനിമയിലും ജീവിതത്തിലും ഭാര്യ വിമല നൽകുന്ന പിന്തുണയെയും സ്‌നേഹത്തെയുംകുറിച്ചും ശ്രീനിവാസന് പറഞ്ഞാൽ തീരില്ലായിരുന്നു പല അഭിമുഖങ്ങളിലും അദ്ദേഹം അത് തുറന്നുപറഞ്ഞിട്ടുണ്ട്. പാട്യം
രജിസ്റ്റർ ഓഫീസിൽ വച്ച് നടന്ന ലളിതമായ വിവാഹച്ചടങ്ങിലാണ് വിമല ശ്രീനിവാസന്റെ ജീവിതത്തിലേക്ക് കൈപിടിച്ചെത്തുന്നത്. ഉറ്റ സുഹൃത്ത് കോങ്ങാറ്റ രവിയായിരുന്നു വിവാഹത്തിന് സാക്ഷിയായി ഒപ്പിട്ടിരുന്നത്.

അസുഖബാധിതനായി വിശ്രമ ജീവിതം നയിക്കുമ്പോഴും ശ്രീനിവാസന് എല്ലാ പിന്തുണയും നൽകിയ ഭാര്യ വിമലയ്ക്ക് അപ്രതീക്ഷിതമായ ഭർത്താവിന്റെ വേർപാട് വലിയ ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്.

പാരലൽ കോളേജിൽ അദ്ധ്യാപകനായി ജോലി നോക്കുന്ന സമയത്താണ് ശ്രീനിവാസൻ വിമലയെ ആദ്യമായി പരിചയപ്പെടുന്നത്. ഡിഗ്രി പാസായ ശ്രീനിവാസൻ ആദ്യം വരുമാനത്തിനായി ആശ്രയിച്ചിരുന്നത് പാരലൽ കോളേജിലെ അദ്ധ്യാപക ജോലിയെയാണ്. കതിരൂരുള്ള ഔവർ കോളേജിലായിരുന്നു പഠിപ്പിച്ചിരുന്നത്. വീട്ടിൽ നിന്ന് കോളേജിലേക്ക് നടന്ന് വേണം പോകാൻ. ആ യാത്രയിൽ വച്ചാണ് ശ്രീനിവാസൻ ആദ്യമായി വിമലയെ കണ്ടുമുട്ടുന്നത്. നിർമലഗിരി കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുകയായിരുന്നു വിമല. ആ യാത്രയിലെ കണ്ടുമുട്ടലാണ് ഇരുവരെയും അടുപ്പിച്ചത്.
പരസ്പരം കണ്ട് സംസാരിച്ച് പ്രണയത്തിലായെങ്കിലും, വീട്ടിലെ സാഹചര്യം ശ്രീനിവാസനെകൊണ്ട് വിവാഹം എന്ന ചിന്തയിലേക്ക് അടുപ്പിച്ചില്ല.

അക്കാലത്ത് മിക്ക ദിവസങ്ങളിലും വിമലയെ കണ്ട് സംസാരിക്കും. ആ സമയത്താണ് അഡയാർ ഫിലിം ഇൻസ്റ്റ്യൂട്ടിൽ നിന്ന് ശ്രീനിവാസന് വിളി വരുന്നത്. ഈശ്വരവിശ്വാസം ഇല്ലെങ്കിലും ശ്രീനിവാസൻ അന്ന് വിമലയോട് പറഞ്ഞത്, ഇന്റർവ്യൂ പാസാകാൻ പ്രാർത്ഥിക്കണമെന്നാണ്. എന്നാൽ അന്ന് വിമല പറഞ്ഞത് നിങ്ങൾക്ക് കിട്ടാതിരിക്കാൻ പ്രാർത്ഥിക്കുമെന്നും. പിന്നീട് ഒരു അഭിമുഖത്തിൽ വിമല പ്രാർത്ഥിച്ചിട്ടുണ്ടാകണം, അതുകൊണ്ടാണ് തനിക്ക് അവിടെ പഠിക്കാൻ അവസരം കിട്ടിയതെന്ന് ശ്രീനിവാസൻ പറഞ്ഞിരുന്നു.

തലശ്ശേരിയിൽ നിന്ന് കെ.തായാട്ട് ചീഫ് എഡിറ്ററായി ഇറങ്ങിയിരുന്ന മിത്രം സായാഹ്ന പത്രത്തിൽ സബ്ബ് എഡിറ്റർ തസ്തികയിലും ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടിയ ശ്രീനി തിളങ്ങി . തലശ്ശേരി കുയ്യാലി സ്വദേശി കെ. ഇ പവിത്ര രാജായിയിരുന്നു മിത്രത്തിൻ്റെ പ്രിൻ്റർ ആൻ്റ് പബ്ലിഷർ .

അഡയാറിൽ സിനിമ പഠനം നടക്കുമ്പോഴും, വിമല ഇങ്ങ് ദൂരെ ശ്രീനിവാസനായി കാത്തിരിക്കുന്നുണ്ടായിരുന്നു. അവരുടെ ആശയ വിനിമയം കത്തിലൂടെയായി. വലിയ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടിരുന്ന ശ്രീനിവാസൻ, തന്റെ വീടും പറമ്പുമൊക്കെ ജപ്തിയായ ശേഷമായിരുന്നു വിമലയെ വിവാഹം കഴിച്ചത്. 1983 ജനുവരി 13ന് വെള്ളിയാഴ്ചയായിരുന്നു ഇരുവരുടെയും വിവാഹം.

വിവാഹത്തിന് മൂന്ന് ദിവസം മുമ്പായിരുന്നു ശ്രീനിവാസൻ നാട്ടിലെത്തുന്നത്. ഒരു സുഹൃത്തിനൊപ്പം വന്ന് വെള്ളിയാഴ്ചയാണ് വിവാഹമെന്ന് വിമലയെ അറിയിക്കുകയായിരുന്നു.’ഒരു കഥ ഒരു നുണക്കഥ’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് വിവാഹത്തിനായുള്ള തയ്യാറെടുപ്പുകൾ നടന്നത്. ഈ ചിത്രത്തിന്റെ നിർമാതാവ് കൂടിയായ ഇന്നസെന്റ് കയ്യിൽ വച്ച് തന്ന 400 രൂപയായിരുന്നു ശ്രീനിവാസന്റെ പക്കൽ ആകെയുണ്ടായിരുന്ന സമ്പാദ്യം. ആ പണം കൊണ്ടാണ് കല്ല്യാണ പെണ്ണിനുവേണ്ട സാരിയും മറ്റും വാങ്ങിയത്. എന്നാൽ വിവാഹത്തിന് സ്വർണമാലയും താലിയും വേണമെന്ന് അമ്മ പറഞ്ഞതോടെ ശ്രീനിവാസൻ ശരിക്കും ബുദ്ധിമുട്ടി. അന്നത്തെ കാലത്ത് സ്വർണമാലയെ കുറിച്ച് ശ്രീനിവാസന് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല.അപ്പോഴാണ് കണ്ണൂരിൽ വച്ച് മമ്മൂട്ടി നായകനാകുന്ന ‘അതിരാത്രം’ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നുണ്ടെന്ന് ഓർത്തത്. കുറച്ച് പണം കൂടി സംഘടിപ്പിക്കാൻ മമ്മൂട്ടിയെ ഒന്ന് കാണാൻ ശ്രീനിവാസൻ തീരുമാനിച്ചു. മമ്മൂട്ടി താമസിച്ചിരുന്ന ഹോട്ടലിലെത്തി വാതിൽ തുറന്നതും ‘നാളെ എന്റെ കല്ല്യാണമാണ്’. ‘നാളെയോ’ എന്ന് മമ്മൂട്ടി ചോദിച്ചു. ‘എനിക്കൊരു രണ്ടായിരം രൂപ വേണം, ആരെയും വിളിക്കുന്നില്ല, രജിസ്റ്റർ വിവാഹമാണെന്ന്’ മമ്മൂട്ടിയോട് പറഞ്ഞു.ഉടനെ രണ്ടായിരം രൂപയെടുത്തുതന്നിട്ട് മമ്മൂട്ടി പറഞ്ഞു കല്യാണത്തിന് ഞാനും വരുമെന്ന്. അതുകേട്ടതും ‘കല്യാണത്തിന് വരരുത്, വന്നാൽ കല്യാണം മുടങ്ങും’ എന്ന് ശ്രീനിവാസൻ പറഞ്ഞു. ഉറപ്പായും വരുമെന്ന് മമ്മൂട്ടിയും പറഞ്ഞു. ‘ആരെയും അറിയിക്കാതെ രജിസ്റ്റർ വിവാഹം നടത്താനാണ് തീരുമാനം, എന്നെ ഇവിടെ ആർക്കും അറിയില്ല. എന്നാൽ താങ്കൾ അതുപോലെയല്ല, വലിയൊരു താരമാണ്. വിവാഹത്തിന് താങ്കൾ വന്നാൽ വിവാഹം എല്ലാവരും അറിയും. അതുകൊണ്ട് താങ്കൾ വിവാഹത്തിന് വരരുത്’ എന്ന് ശ്രീനിവാസൻ പറഞ്ഞു. ഒടുവിൽ മമ്മൂട്ടി വരില്ലെന്ന് സമ്മതിച്ചു.

മമ്മൂട്ടി കൊടു കൊടുത്ത പണം കൊണ്ടാണ് ശ്രീനിവാസൻ സ്വർണ താലി വാങ്ങിയത്. പാട്യം രജിസ്റ്റർ ഓഫീസിന്റെ വരാന്തയിൽവച്ച് താലികെട്ടും നടത്തി. ഒരു ക്രിസ്ത്യാനി തന്ന 400 രൂപയും മുസ്ലീമായ മമ്മൂട്ടി തന്ന 2000 രൂപയും കൊണ്ട് ഒരു ഹിന്ദു പെണ്ണിന്റെ കഴുത്തിൽ താലിചാർത്തി, ഇങ്ങനെയായിരുന്നു തന്റെ വിവാഹം നടന്നതെന്ന് ശ്രീനിവാസൻ പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു.

Continue Reading