Connect with us

Life

മകളെ തേടി വര്‍ഷങ്ങളോളം കേരളത്തിലും തമിഴ്‌നാട്ടിലും അലഞ്ഞു; ഒടുവില്‍ ഭര്‍ത്താവ് ഉപേക്ഷിച്ച മകളെയും പേരക്കുട്ടിയെയും പിതാവ് കണ്ടെത്തി

Published

on

ഗാന്ധിനഗർ : ഭർത്താവ് ഉപേക്ഷിച്ചതോടെ കൈക്കുഞ്ഞുമായി അഭയകേന്ദ്രത്തിൽ കഴിഞ്ഞ മധ്യപ്രദേശ് സ്വദേശിനി 8 വർഷത്തിനു ശേഷം കുടുംബത്തിന്റെ തണലിൽ. സ്വന്തം വീട്ടിലേക്കു തിരിച്ചുപോകാൻ കഴിയാതെ ഗാന്ധിനഗർ സാന്ത്വനത്തിന്റെ സംരക്ഷണത്തിൽ കഴിഞ്ഞിരുന്ന മണ്ഡൽ ജില്ലയിൽ നിന്നുള്ള ബൃഹസ്പദി(24), മകൻ ഓംകാർ (4) എന്നിവരെ ഇന്നലെ അച്ഛൻ രത്തിറാം എത്തി കൂട്ടിക്കൊണ്ടു പോയി.

ഇവരെത്തേടി വർഷങ്ങളായി കേരളത്തിലും തമിഴ്നാട്ടിലും അലഞ്ഞ ശേഷമാണ് രത്തിറാം ഗാന്ധിനഗർ സാന്ത്വനത്തിൽ ഇവരെ കണ്ടുമുട്ടിയത്. സാന്ത്വനം ഡയറക്ടർ ആനി ബാബുവും ഇവിടത്തെ അന്തേവാസിയായ സുമനുമാണ് ഈ സമാഗമത്തിനു കാരണക്കാർ. എഴുത്തും വായനയും അറിയാത്ത ബൃഹസ്പദിയെ മധ്യപ്രദേശ് സ്വദേശിയായ മനോഹറിനാണു വിവാഹം കഴിച്ചു നൽകിയത്.

ഏലപ്പാറയിലെ ഏലത്തോട്ടത്തിൽ തൊഴിലാളിയായിരുന്നു മനോഹർ. ഏലത്തോട്ടത്തിൽ വച്ചാണു ബൃഹസ്പദി ആൺകുഞ്ഞിനെ പ്രസവിക്കുന്നത്. തുടർന്നു മനോഹർ നാട്ടുകാരുടെ സഹായത്തോടെ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിൽ എത്തിച്ചു മുങ്ങി. 10 ദിവസമായിട്ടും ആരും തേടി വരാതിരുന്നതോടെ ആശുപത്രി അധികൃതർ സാന്ത്വനത്തിലേക്കു മാറ്റി. പലയിടത്തും അന്വേഷിച്ചെങ്കിലും മനോഹറിനെ കണ്ടെത്താനായില്ല.

മധ്യപ്രദേശിലെ സ്വന്തം വീട്ടിലേക്കു തിരികെ പോകാനും ബൃഹസ്പദിക്ക് അറിയാതെ വന്നതോടെ ഇവിടെ തുടരുകയായിരുന്നു. മകളെയും മരുമകനെയും കാണാതെ വന്നതോടെ രത്തിറാം ഇവരെ അന്വേഷിച്ചു കേരളത്തിലെത്തി. ഇടുക്കി, കോട്ടയം ജില്ലകളിൽ മാസങ്ങളോളം ചെലവിട്ടെങ്കിലും കണ്ടെത്താനായില്ല. തുടർന്നു തമിഴ്നാട്ടിലും ഏറെക്കാലം അന്വേഷിച്ചു.

സാന്ത്വനത്തിൽ കഴിഞ്ഞിരുന്ന സുമൻ എന്ന അന്തേവാസി സ്വദേശമായ മധ്യപ്രദേശിലേക്കു തിരിച്ചു പോയതോടെയാണ് ഇവരുടെ കുടുംബത്തെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ സാന്ത്വനം അധികൃതർ ആരംഭിച്ചത്.

സുമൻ തന്റെ സഹോദരന്റെ സഹായത്തോടെ ബൃഹസ്പദി പറഞ്ഞ സ്ഥലത്തെത്തി കുടുംബാംഗങ്ങളെ കണ്ടെത്തി. അപ്പോഴാണു മകൾ കോട്ടയത്ത് ഉണ്ടെന്നും കുഞ്ഞ് ജനിച്ചതും മനോഹർ ഉപേക്ഷിച്ചു പോയതും ബന്ധുക്കൾ അറിഞ്ഞത്.

Continue Reading