HEALTH
കേരളത്തിൽ കൊവിഡ് പരിശോധനകളുടെ എണ്ണം കുറവെന്ന് കേന്ദ്രസംഘം .എണ്ണം കൂട്ടണമെന്ന് ആവശ്യപ്പെട്ടു

തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് പരിശോധനകളുടെ എണ്ണം കുറവാണെന്ന് സംസ്ഥാനത്ത് സന്ദർശനം നടത്തുന്ന കേന്ദ്രസംഘം വിലയിരുത്തി. ആരോഗ്യമന്ത്രി കെ.കെ ശൈലജയുമായി ചർച്ച നടത്തിയ കേന്ദ്രസംഘം പരിശോധനകൾ കുറവുളളപ്പോഴും ടെസ്‌റ്റ്പോസിറ്റിവിറ്റി നിരക്ക് ഉയർന്ന് നിൽക്കാൻ കാരണമെന്താണെന്ന് ചോദ്യം ഉന്നയിച്ചു. സംസ്ഥാനത്ത് കൊവിഡ് പരിശോധന എണ്ണം കൂട്ടണമെന്നും കേന്ദ്രസംഘം സർക്കാരിനോട് ആവശ്യപ്പെട്ടു
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കൊവിഡ് പരിശോധന നടത്തുന്നതിന്റെ എണ്ണം തീരെ കുറവാണ്. തുടക്കത്തിലേ പരമാവധി പരിശോധന നടത്തിയിരുന്നെങ്കിൽ രോഗികളെ കണ്ടെത്തി അവർക്ക് പ്രത്യേകം ചികിത്സ നൽകാനാകുമായിരുന്നു. ഇങ്ങനെ ചെയ്‌തിരുന്നെങ്കിൽ നിലവിലെ പോലെ രോഗം ഇത്ര വ്യാപിക്കുമായിരുന്നില്ലെന്നും കേന്ദ്ര സംഘം വിലയിരുത്തി. സംസ്ഥാനത്ത് ഇനിയും കൊവിഡ് വ്യാപനം ഉയരുമെന്ന് കേന്ദ്രസംഘം മുന്നറിയിപ്പും നൽകി. എന്നാൽ വ്യാഴാഴ്‌ച മുതൽ ടെസ്‌റ്റുകളുടെ എണ്ണം 80000ന് മുകളിലേക്ക് കൂട്ടിയിട്ടുണ്ടെന്നും ഇനിയും പരമാവധി കൂട്ടുമെന്നും ആരോഗ്യമന്ത്രി മറുപടി നൽകി. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് അടുത്തുവരുന്നതു കൊണ്ട് കൊവിഡ് പ്രതിരോധ നടപടികൾ വർദ്ധിപ്പിക്കുമെന്നും മന്ത്രി മറുപടി നൽകി.
ദേശീയ ശരാശരിയെക്കാൾ അഞ്ചും ആറും ഇരട്ടി ടെസ്‌റ്റ് പോസിറ്റീവിറ്റി നിരക്ക് സംസ്ഥാനത്ത് എന്തുകൊണ്ട് ഉണ്ടായെന്നും പരിശോധന കൂട്ടി ജാഗ്രത കൂട്ടിയില്ലെങ്കിൽ സ്ഥിതി ഇനിയും വഷളാകുമെന്നും കേന്ദ്രസംഘം സർക്കാരിന് മുന്നറിയിപ്പ് നൽകി. മൂന്ന് ജില്ലകൾ പരിശോധിച്ച കേന്ദ്രസംഘം സമഗ്ര റിപ്പോർട്ട് തയ്യാറാക്കി ആരോഗ്യമന്ത്രാലയത്തിന് കൈമാറും.