International
കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിലെ ബസ് മോഷണം പോയി

കൊല്ലം: അർധരാത്രി കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിലെ ബസ് മോഷണം പോയതായി പരാതി. ഡിപ്പോ അധികൃതർ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം തുടരുകയാണ്. വേണാട് ഓർഡിനറി ബസാണ് അജ്ഞാതർ കടത്തി കൊണ്ട് പോയതത്രേ.
ഇന്ന് പുലർച്ചെയാണ് വിചിത്ര മോഷണം നടന്നതെന്ന് കരുതുന്നു. ഞായറാഴ്ച രാത്രി 9.30 ഓടെ സർവീസിംഗിന് ഗാരേജിൽ കയറ്റിയ വാഹനം പിന്നീട് 12.30 ഓടെ പുറത്തിറക്കിയതാണെന്ന് ജീവനക്കാർ പറയുന്നു. ഡിപ്പോയ്ക്ക് സമീപത്തെ മുൻസിപ്പൽ ഓഫീസിന് മുന്നിൽ റോഡ് വശത്താണ് ബസ് പാർക്ക് ചെയ്തിരുന്നത്. രാവിലെ ഡിപ്പോ അധികൃതർ ബസ് തിരഞ്ഞെങ്കിലും കണ്ടില്ല.
പിന്നീട് പുലർച്ചെ ഡ്യൂട്ടിക്കെത്തിയ ഡ്രൈവർമാർ ആരെങ്കിലും ബസ് മാറിക്കൊണ്ടുപോയി എന്ന് ഡിപ്പോ അധികൃതർ കരുതി. പുലർച്ചെ സർവീസ് തുടങ്ങിയ ബസിലെ ജീവനക്കാരെയെല്ലാം വിളിച്ച് തിരക്കിയെങ്കിലും ആരും ബസ് കൊണ്ടുപോയിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്. പിന്നാലെയാണ് മോഷണം പോയെന്ന ബോധ്യം ഡിപ്പോ അധികൃതർക്ക് ഉണ്ടായത്.
പിന്നാലെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. കെഎസ്ആർടിസി ബസ് ആയതിനാൽ മോഷ്ടാവിന് അധികരദൂരം ബസ് കൊണ്ടുപോകാൻ കഴിയില്ലെന്ന പ്രതീക്ഷയിലാണ് പോലീസ്. പരിസര പ്രദേശത്തെല്ലാം പോലീസ് അന്വേഷണം തുടരുകയാണ്.