KERALA
യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ കേരള ബാങ്ക് പിരിച്ചുവിടുമെന്ന് ചെന്നിത്തല

ആലപ്പുഴ: യു.ഡി.എഫ്. അധികാരത്തിലെത്തിയാൽ കേരള ബാങ്ക് പിരിച്ചുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി ആലപ്പുഴയിലെത്തിയ ചെന്നിത്തല വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
കേരള ബാങ്ക് രൂപവത്കരിച്ചതു തന്നെ നിയമവിരുദ്ധമായ കാര്യമാണ്. യു.ഡി.എഫ്. സർക്കാർ അധികാരത്തിൽ വന്നാൽ കേരള ബാങ്ക് പിരിച്ചുവിടും. സഹകരണ പ്രസ്ഥാനത്തിന്റെ തന്നെ തകർച്ചയ്ക്കാണ് കേരള ബാങ്ക് വഴി തെളിക്കുന്നത്. സഹകരണ പ്രസ്ഥാനത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ പരിപൂർണമായും പരാജയപ്പെടുത്തുന്ന ഒന്നാണ് കേരള ബാങ്ക് എന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
താൽക്കാലിക നിയമനങ്ങൾ,കൺസൾട്ടൻസി നിയമനങ്ങൾ ഉൾപ്പെടെയുള്ളവ നിർത്തിവെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. യു.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തുന്ന സാഹചര്യത്തിൽ പിൻവാതിൽ നിയമനങ്ങൾ എല്ലാം പുനഃപരിശോധിക്കും. സർക്കാർ ദുർവാശി ഉപേക്ഷിക്കണം. മുഖ്യമന്ത്രി വളരെ ധാർഷ്ട്യത്തോടെയാണ് ഇനിയും ഞങ്ങളുടെ ആളുകളെ സ്ഥിരപ്പെടുത്തുമെന്ന് മട്ടിൽ മുന്നോട്ടു പോകുന്നത്. ഇന്നലത്തെ ക്യാബിനറ്റിലും നൂറുകണക്കിന് ആളുകളെ സ്ഥിരപ്പെടുത്തുകയുണ്ടായെന്നും ചെന്നിത്തല വിമർശിച്ചു.