KERALA
കാഞ്ഞിരപ്പള്ളി, ഇരിക്കൂര്‍ സീറ്റുകള്‍ സിപിഐ വിട്ടുനല്‍കും

കോട്ടയം: കേരള കോണ്‍ഗ്രസ്സിന് വേണ്ടി കാഞ്ഞിരപ്പള്ളി, ഇരിക്കൂര്‍ സീറ്റുകള്‍ സിപിഐ വിട്ടുനല്‍കും. ഭരണത്തുടര്‍ച്ച എന്ന ലക്ഷ്യം മുന്നിലുള്ളതിനാല്‍ സീറ്റ് വിഭജനത്തില്‍ കൂടുതല്‍ കടുംപിടിത്തം വേണ്ട എന്ന നിലപാടിലാണ് സിപിഐ. മധ്യതിരുവിതാംകൂറില്‍ മുന്നേറ്റമുണ്ടാക്കാന്‍ ജോസ് കെ. മാണിയുടെ സാന്നിധ്യം ഗുണം ചെയ്യും എന്ന വിലയിരുത്തലില്‍ കാഞ്ഞിരപ്പള്ളിയ്ക്കായി ബലംപിടുത്തം വേണ്ടെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം.
കാഞ്ഞിരപ്പള്ളിയ്ക്ക് പകരം ചങ്ങനാശ്ശേരി സീറ്റാണ് സിപിഐ ചോദിച്ചിരിക്കുന്നത്. പക്ഷെ പരമ്പരാഗതമായി കേരളകോണ്‍ഗ്രസ് കൈവശം വെച്ചിരിക്കുന്ന സീറ്റായതിനാല്‍ ചങ്ങനാശ്ശേരി വിട്ടുനല്‍കാന്‍ ജോസ് കെ. മാണി തയ്യാറല്ല. പാര്‍ട്ടി ഉന്നതാധികാരസമിതിയംഗം ജോബ് മൈക്കിള്‍, യുവനേതാവ് വിജയ് ജോസ് എന്നിവരാണ് ഈ സീറ്റിലേക്ക് ജോസ് കെ. മാണിയുടെ മനസ്സില്‍. കൂടാതെ ജനാധിപത്യ കേരള കോണ്‍ഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച സീറ്റ് കൂടിയായതിനാല്‍ വെച്ചു മാറ്റത്തിന് മാരത്തണ്‍ ചര്‍ച്ചകള്‍ തന്നെ വേണ്ടി വരും.
ചങ്ങനാശ്ശേരിയില്‍ അഡ്വക്കേറ്റ് മാധവന്‍ പിള്ള, ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍ എന്നിവരുടെ പേരുകളാണ് പാര്‍ട്ടി മുന്നോട്ടു വെക്കുന്നത്. ഇതു കൂടാതെ കേരള കോണ്‍ഗ്രസ്സിനായി ഇരിക്കൂര്‍ വിട്ടു നല്‍കാനും സിപിഐയ്ക്ക് സമ്മതമാണ്. സിപിഐയ്ക്ക് വിജയസാധ്യതയില്ലാത്ത ഏറനാട്, തിരൂരങ്ങാടി മണ്ഡലങ്ങളില്‍ ഒരെണ്ണം വിട്ടുനല്‍കാനും ധാരണയായിട്ടുണ്ട്. അങ്ങനെയെങ്കില്‍ സിപിഐം മത്സരിക്കുന്ന സീറ്റുകള്‍ ഇക്കുറി 25 ആയി കുറയും.