Connect with us

HEALTH

ഓണം കഴിഞ്ഞാലുടൻ മെഡിസെപ്പ് പദ്ധതി പരിഷ്കരിക്കും:പ്രധാനപ്പെട്ട ആശുപത്രികളിലൊന്നും ചികിത്സ ലഭ്യമാകുന്നില്ല

Published

on


തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി നടപ്പാക്കിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ പരാതികൾ വ്യാപകമായതോടെ പദ്ധതി പരിഷ്കരിക്കാൻ സർക്കാർ. പല ആശുപത്രികളിലൊന്നും ചികിത്സ ലഭ്യമാകുന്നില്ലെന്നും ക്ലെയിമുകൾ കൂട്ടത്തോടെ നിരസിക്കപ്പെടുകയാണെന്നുമുള്ള ആക്ഷേപങ്ങൾ ഉയർന്നിരുന്നതോടെയാണ് സർക്കാർ നടപടിയെടുക്കാനുള്ള നീക്കം.

ഓണം കഴിഞ്ഞാലുടൻ മെഡിസെപ്പ് പദ്ധതി പരിഷ്കരിക്കുമെന്ന് അധികൃതർ പറഞ്ഞു. ഉദ്യോഗസ്ഥരിൽ നിന്നു പണം വാങ്ങിയിട്ടും പ്രധാനപ്പെട്ട ആശുപത്രികളിലൊന്നും ചികിത്സ ലഭ്യമാക്കാതെയാണ് പദ്ധതി മുന്നോട്ടു പോകുന്നതെന്ന പരാതി പരിഹരിക്കും. ഇൻഷുറൻസ് കമ്പനിക്കു മാത്രം ഗുണകരമാകുന്ന തരത്തിലാണ് മെഡിസെപ് മുന്നോട്ടു പോകുന്നതെന്ന ജീവനക്കാരുടെ ആക്ഷേപവും പരിശോധിക്കും. വിഷയത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകും. ജീവനക്കാർക്ക് എല്ലാവിധ ആനുകൂല്യങ്ങളും ലഭ്യമാക്കും.

പദ്ധതി പുനഃക്രമീകരിക്കുന്നതിനായി ജീവനക്കാരുടെ സംഘടനകളുമായും ഇൻഷുറൻസ് കമ്പനിയുമായും ചേർന്നു ചർച്ച നടത്തുമെന്നും അധികൃതർ വ്യക്തമാക്കുന്നു. ഓറിയന്‍റല്‍ ഇൻഷുറൻസ് കമ്പനിക്കാണ് മെഡിസെപിന്‍റെ നടത്തിപ്പ് കരാര്‍ മുൻ സർക്കാർ നൽകിയിരുന്നത്. തുടക്കത്തിൽ 500 രൂപയായിരുന്നു ജീവനക്കാര്‍ അടയ്ക്കേണ്ടിയിരുന്ന പ്രതിമാസ പ്രീമിയം. നിലവിൽ പ്രീമിയം 687 രൂപയാണ്. വാർഷിക പ്രീമിയം 8244 രൂപ. 2028 ഡിസംബർ വരെയാണു കാലാവധി. 5 ലക്ഷം രൂപയുടെ പരിരക്ഷയാണു ജീവനക്കാർക്കു ലഭിക്കുക. പദ്ധതിയുടെ രണ്ടാം ഘട്ടം ഈ വർഷം ജനുവരിയിലാണ് ആരംഭിച്ചത്. ആദ്യംഘട്ടം നടപ്പാക്കിയ ഓറിയന്‍റെൽ ഇൻഷുറൻസ് കമ്പനിയാണു രണ്ടാംഘട്ടവും നടപ്പാക്കുന്നത്.

എന്നാൽ പ്രധാനപ്പെട്ട ആശുപത്രികളിലൊന്നും ചികിത്സ ലഭ്യമാകുന്നില്ലെന്നും ക്ലെയിമുകൾ കൂട്ടത്തോടെ നിരസിക്കപ്പെടുകയാണെന്നുമുള്ള ആക്ഷേപം ശക്തമായി. ഇൻഷുറൻസ് കമ്പനിക്കു പണം കിട്ടാൻ വേണ്ടി മാത്രം തുടങ്ങിയ പദ്ധതി പോലെയാണ് മെഡിസെപ് നിലവിൽ പ്രവർത്തിക്കുന്നതെന്നും ആ രീതി മാറ്റി പദ്ധതി പരിഷ്കരിക്കുമെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് സർക്കാർ പദ്ധതി പരിഷ്കരിക്കാനൊരുങ്ങുന്നത്.

Continue Reading