KERALA
ഇ.എം.സി.സിയുമായി ഒരു ധാരണാപത്രവുമില്ലെന്ന് മന്ത്രി ഇ.പി ജയരാജൻ

കണ്ണൂർ: ഇ.എം.സി.സിയുമായി ഒരു ധാരണാപത്രവുമില്ലെന്ന് മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. ധാരണാപത്രവുമായി ബന്ധപ്പെട്ട വാർത്ത തെറ്റാണ്, കമ്പനി നൽകിയ നിവേദനത്തിലെ വിവരങ്ങളാണ് പുറത്തുവരുന്നത്. സർക്കാർ നടപടികളൊന്നും പൂർത്തിയാവാത്ത പദ്ധതിയാണത്. വ്യവസായത്തിനായി ആർക്കും പദ്ധതി സമർപ്പിക്കാമെന്നും മന്ത്രി വിശദീകരിച്ചു.
പദ്ധതിക്കും സംസ്കരണത്തിനും വേണ്ടി ഒരു ധാരണാപത്രവും ഇതുവരെ വെച്ചിട്ടില്ല. കമ്പനിയുടെ ആളുകൾ തന്നെയും വന്നു കണ്ടിരുന്നു, പ്രതിപക്ഷ നേതാവിനെ കണ്ടിട്ടാണ് വരുന്നത് എന്നായിരുന്നു അവർ തന്നോട് പറഞ്ഞത്. അന്നേ അവരെക്കുറിച്ച് ഒരു ശരികേട് തോന്നിയിരുന്നു. നിവേദനം സ്വീകരിച്ചുവെന്ന റസീപ്റ്റ് തരുമോ എന്ന് അവർ ആവശ്യപ്പെട്ടിരുന്നെങ്കിലും അത് അനുവദിച്ചിരുന്നില്ല. ഇത് ശരിയായ കമ്പനിയാണോ എന്ന് അന്വേഷിക്കണം, കമ്പനിയുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്തണമെന്നാണ് തന്റെ അഭിപ്രായം. ഇതിന് പിന്നിൽ ബ്ലാക്ക് മെയിൽ തന്ത്രമുണ്ടോ എന്നും പ്രതിപക്ഷ നേതാവിനെ ഇരയാക്കിയോ എന്നതും അന്വേഷിക്കണമെന്നും ഇ.പി ജയരാജൻ പറഞ്ഞു.
മന്ത്രിമാർ വിദേശരാജ്യങ്ങളിൽ പോവുമ്പോൾ പലതും കൂടിക്കാഴ്ച നടത്താൻ വന്നെന്നിരിക്കും. അതിൽ മലയാളികളുണ്ടാവും, സംരംഭകരുണ്ടാവും. അത് സ്വാഭാവികമാണ്. ഭീഷണിപ്പെടുത്താൻ ഒന്നും കൈവശമില്ലാത്തതിനാൽ എന്തൊക്കയോ വിളിച്ചുപറയുകയാണ് പ്രതിപക്ഷ നേതാവ്. ഇല്ലാത്ത കാര്യങ്ങളാണ് പറയുന്നത്. ഇതുകൊണ്ടൊന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പറ്റില്ല. പൊതുജനം ഇതെല്ലാം തിരിച്ചറിയുന്നുണ്ടെന്നും ജയരാജൻ കൂട്ടിച്ചേർത്തു.