Crime
ശിവശങ്കറിന്റെ ജാമ്യത്തിന് സ്റ്റേ അനുവദിച്ചില്ല. കോടതി വിശദമായ വാദം കേള്‍ക്കും

ന്യൂഡൽഹി: സ്വർണക്കടത്ത് കേസിൽ എം.ശിവശങ്കറിന്റെ ജാമ്യം സ്റ്റേ ചെയ്യണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. ഹർജിയിൽ സുപ്രീം കോടതി ശിവശങ്കറിന് നോട്ടീസ് അയച്ചു. കേസ് ആറ് ആഴ്ചയ്ക്കു ശേഷം വീണ്ടും സുപ്രീം കോടതി പരിഗണിക്കും.
കേരള ഹൈക്കോടതി അനുവദിച്ച ജാമ്യം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഇ.ഡി. സുപ്രീം കോടതിയെ സമീപിച്ചത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഹർജിയിൽ വിശദമായ വാദം കേൾക്കാമെന്നും അതിനായി ശിവശങ്കറിന് നോട്ടീസ് അയയ്ക്കുകയാണെന്നും കോടതി പറഞ്ഞു.
ശിവശങ്കറിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഗുരുതരമായ ചില ആരോപണങ്ങളും സുപ്രീം കോടതിയിൽ ഉന്നയിച്ചു. സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അദ്ദേഹത്തിന് അറിയാമായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥരെ ശിവശങ്കർ നേരിട്ട് വിളിച്ചതായി അദ്ദേഹം തന്നെ മൊഴി നൽകിയിട്ടുണ്ടെന്നും എൻഫോഴ്സ്മെന്റ് പറഞ്ഞു. ഉയർന്ന പദവി വഹിച്ചിരുന്ന ശിവശങ്കർ ജാമ്യത്തിൽ കഴിയുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്നും ഇ.ഡി. കോടതിയിൽ ചൂണ്ടിക്കാട്ടി.
ശിവശങ്കറിന്റേതായി തിരുവനന്തപുരത്ത് ലോക്കറിൽനിന്ന് കണ്ടെത്തിയ 64 ലക്ഷം രൂപയുമായി ബന്ധപ്പെട്ട കാര്യം മാത്രമാണ് ഹൈക്കോടതി വിധിയിൽ ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാൽ ശിവശങ്കറിന് ഡോളർ കടത്ത് ഉൾപ്പെടെയുള്ള ഇടപാടുകളുമായി ബന്ധമുള്ളതിനാൽത്തന്നെ ശിവശങ്കറുമായി ബന്ധപ്പെട്ട അഴിമതി മൊത്തം ഒരു കോടിക്ക് മേൽ വരുമെന്നും ഇ.ഡി. വ്യക്തമാക്കി. തുടർന്നാണ് വിശദമായ വാദം കേൾക്കാൻ കോടതി തീരുമാനിച്ചത്.