KERALA
എഐസിസി അല്ല ആരു പറഞ്ഞാലും സാറിനെ വിട്ടുതരുന്ന പ്രശ്‌നമില്ല. ഉമ്മന്‍ചാണ്ടിയുടെ വീടിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി

കോട്ടയം : എഐസിസി അല്ല ആരു പറഞ്ഞാലും സാറിനെ വിട്ടുതരുന്ന പ്രശ്‌നമില്ലെന്ന്, ഉമ്മന്‍ചാണ്ടിയുടെ വീടിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പറഞ്ഞു. സാറിനെ ഇവിടെ നിന്നും മാറ്റിയാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇതല്ല, ഇതിനപ്പുറവും ചെയ്യും. ഉമ്മന്‍ചാണ്ടി സാര്‍ ഫോണില്‍ സംസാരിച്ചു. ഉറപ്പു പറഞ്ഞതുകൊണ്ട് മാത്രമാണ് ഇറങ്ങി വന്നതെന്നും ഇയാള്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
ഇറങ്ങിവാ…ഒരു കുഴപ്പവുമില്ല, ഇവിടെത്തന്നെ മല്‍സരിക്കുമെന്ന തരത്തിലാണ് ഉമ്മന്‍ചാണ്ടി സംസാരിച്ചതെന്ന് ഇയാള്‍ പറഞ്ഞു. സാര്‍ ഇവിടെത്തന്നെ മല്‍സരിക്കും. പിന്നെ എവിടെപ്പോകാനാണ് എന്നും ഇദ്ദേഹം ചോദിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകരാണ് ഉമ്മന്‍ചാണ്ടിയുടെ വീടിന് മുന്നില്‍, പുതുപ്പള്ളി വിട്ടുപോകരുതെന്ന് ആവശ്യപ്പെട്ട് പ്രകടനവുമായി തടിച്ചുകൂടിയത്.
ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ മല്‍സരിക്കും. നോമിനേഷന്‍ കൊടുക്കുന്നത് സംബന്ധിച്ച് ഇന്നു തന്നെ തീരുമാനമെടുക്കുമെന്ന് ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ വസതിയില്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയശേഷം പറഞ്ഞു. ഉമ്മന്‍ചാണ്ടി മറ്റെവിടെയെങ്കിലും മല്‍സരിക്കണോ എന്നതു സംബന്ധിച്ച് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വമാണ് തീരുമാനമെടുക്കേണ്ടതെന്നും ജോഷി ഫിലിപ്പ് വ്യക്തമാക്കി.
രാവിലെ ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ തന്നെ മല്‍സരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. വനിതാ പ്രവര്‍ത്തകര്‍ അടക്കമുള്ളവരാണ് ഉമ്മന്‍ചാണ്ടിയുടെ വീടിന് മുന്നില്‍ പ്രതിഷേധിച്ചത്. ഉമ്മന്‍ചാണ്ടി നേതാവേ… കണ്ണേ കരളേ കുഞ്ഞൂഞ്ഞേ… ഞങ്ങളെ വിട്ട് പോകല്ലേ… എന്ന് മുദ്രാവാക്യം വിളിച്ചാണ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. പ്രവര്‍ത്തകര്‍ കാര്‍ വളഞ്ഞതിനെ തുടര്‍ന്ന് ഏറെ പണിപ്പെട്ടാണ് അദ്ദേഹം വീട്ടിലേക്ക് പോയത്.