KERALA
പ്രിയപ്പെട്ടവരെ വൈകുന്നേരം നേമത്ത് കാണാം; വര്‍ഗീയവിഷം ചീറ്റുന്ന സംഘപരിവാര്‍ എന്ന വിപത്ത് മതേതര മണ്ണില്‍ നിന്നും പിഴുതെറിഞ്ഞേ മതിയാവൂവെന്ന് കെ.മുരളീധരന്‍

ഡല്‍ഹി: ചൊവ്വാഴ്ച വൈകുന്നേരം നേമത്ത് എത്തുമെന്നും പ്രിയപ്പെട്ടവരെ നമുക്ക് അവിടെ കാണാമെന്നും യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്‍. ഫെയിസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഡല്‍ഹിയില്‍ നിന്നും വൈകിട്ട് നാല് മണിക്കു തിരുവനന്തപുരത്ത് വിമാനം ഇറങ്ങി നേമത്തേക്ക് പോകും. വര്‍ഗീയതയ്ക്ക് എതിരായ സന്ധിയില്ലാത്ത പോരാട്ടമാണ് ഇവിടെ നടക്കുന്നത്. ഇത് കേരളം മുഴുവന്‍ ആളിപ്പടരുമെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഗീയവിഷം ചീറ്റുന്ന സംഘപരിവാര്‍ എന്ന വിപത്ത് കേരളത്തിന്റെ മതേതര മണ്ണില്‍ നിന്നും പിഴുതെറിഞ്ഞേ മതിയാവൂ. അഞ്ചു വര്‍ഷം ഭരിച്ച പിണറായി സര്‍ക്കാരും കേരളത്തിനു സമ്മാനിച്ചത് ദുരിതങ്ങളും ദുരന്തങ്ങളും മാത്രമാണെന്നും കെ.മുരളീധരന്‍ ആരോപിച്ചു.
കോണ്‍ഗ്രസ് പാര്‍ട്ടി ഏല്‍പ്പിച്ച ചരിത്ര ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന ഉത്തമ വിശ്വാസമുണ്ട്. ഒരു ജനപ്രതിനിധി എന്ന നിലയില്‍ നേമത്തിന്റെ സമഗ്ര വികസനത്തിനായി മുഴുവന്‍ സമയവും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കെ. കരുണാകരനെ നെഞ്ചിലേറ്റിയ നേമത്തിന്റെ മതേതര മനസ്സ് യു.ഡി.എഫിനെ ഇരുകൈയും നീട്ടി സ്വീകരിക്കും. മതേതരത്വത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന ഏവരുടെയും പിന്തുണയും പ്രാര്‍ത്ഥനയും ഒപ്പം ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇനി നമുക്ക് നേമത്ത് കാണാം, എന്ന് പറഞ്ഞാണ് കെ.മുരളീധരന്റെ പോസ്റ്റ് അവസാനിക്കുന്നത്.