Crime
വാളയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മ പിണറായിക്കെതിരെ മൽസരിക്കും

തൃശൂര്‍∙ വാളയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മ ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൽസരിക്കും. തൃശൂരിലായിരുന്നു പ്രഖ്യാപനം.
വാളയാറില്‍ സഹോദരിമാര്‍ പീഡനത്തിന് ഇരയായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസിന്റെ അന്വേഷണം അട്ടിമറിച്ച പൊലീസ് ഓഫിസര്‍മാര്‍ക്കെതിരെ നടപടിയെടുക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കഴിഞ്ഞ മാസം കുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്തിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അമ്മ ജനുവരി 26 മുതല്‍ പാലക്കാട് വഴിയോരത്ത് സത്യഗ്രഹ സമരം നടത്തുകയാണ്.
തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുന്‍പെങ്കിലും പൊലീസിനെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ തൊട്ടടുത്ത ദിവസം തല മുണ്ഡനം ചെയ്ത് കേരളത്തിലെ അമ്മമാര്‍ക്കിടയിലേക്ക് ഇറങ്ങുമെന്നു കുട്ടികളുടെ അമ്മ അറിയിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണു പാലക്കാട്ടെ സമരപ്പന്തലില്‍ വച്ച് അമ്മ തല മുണ്ഡനം ചെയ്തത്.
14 ജില്ലകളിലും സഞ്ചരിച്ചു ജനങ്ങളോട് സര്‍ക്കാര്‍ നീതികേട് വിവരിക്കുമെന്ന് അമ്മ അറിയിച്ചിരുന്നു. തന്റെ കുഞ്ഞുങ്ങള്‍ക്കു മരണശേഷവും സര്‍ക്കാര്‍ നീതി നിഷേധിക്കുകയാണെന്നും ഇവര്‍ പറഞ്ഞു. 2017ലാണു 13, 9 വയസ്സുള്ള സഹോദരിമാരെ വാളയാറിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.