NATIONAL
വായ്പാത്തിരിച്ചടവുകൾക്ക് മൊറട്ടോറിയം കാലത്തെ പലിശ എഴുതിത്തള്ളണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: വായ്പാത്തിരിച്ചടവുകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചകാലത്തെ പലിശ മഴുവനായി എഴുതിത്തള്ളണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. എന്നാൽ ഇക്കാലയളവിൽ പിഴപ്പലിശ ഈടാക്കാൻ പാടില്ലെന്നും കോടതി നിർദേശിച്ചു. മൊറട്ടോറിയം നീട്ടണം, വിവിധ മേഖലകളിലേക്ക് ആനുകൂല്യം വ്യാപിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളും കോടതി തള്ളി. സാമ്പത്തിക മേഖലയിൽ കോടതി ഇടപെടുന്നത് സാമ്പത്തിക രംഗത്തെ ബാധിക്കും.നയപരമായ കാര്യങ്ങളിൽ കോടതിക്ക് നിർദേശം നൽകാൻ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
പലിശ ഒഴിവാക്കാനുള്ള നിർദേശം കേന്ദ്ര സർക്കാരിനും റിസർവ് ബാങ്കിനും നൽകാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ബാങ്കുകൾക്ക് നിക്ഷേപകരും പലിശ നൽകേണ്ടതാണ്. പലിശ എഴുതി തള്ളുന്നത് ബാങ്കുകളെ തകർക്കുമെന്നും കോടതി നിരീക്ഷിച്ചു. പക്ഷേ മൊറട്ടോറിയം കാലയളവിൽ പിഴപ്പലിശ ഈടാക്കാൻ ബാങ്കുകൾക്ക് കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു. ആരിൽ നിന്നെങ്കിലും പിഴപ്പലിശ ഈടാക്കിയിട്ടുണ്ടെങ്കിൽ തിരികെ നൽകണമെന്നും കോടതി നിർദേശിച്ചു