HEALTH
551 ഓക്സിജൻ ഉത്പാദന പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് പി.എം കെയേഴ്സ് ഫണ്ടിൽ നിന്ന് പണം അനുവദിച്ചു

ന്യൂഡൽഹി: രാജ്യമെമ്പാടുമുള്ള പൊതുജനാരോഗ്യ കേന്ദ്രങ്ങളിലേക്കായി 551 പ്രഷർ സ്വിംഗ് അഡ്സോർപ്ഷൻ ഓക്സിജൻ ഉത്പാദന പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് പി.എം കെയേഴ്സ് ഫണ്ടിൽ നിന്ന് പണം അനുവദിച്ചു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക നിർദേശപ്രകാരമാണ് പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് തത്വത്തിൽ അംഗീകാരം നൽകിയതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ജില്ലാ ആസ്ഥാനങ്ങളിലെ പ്രധാന ആശുപത്രികളിൽ സ്ഥാപിക്കുന്ന പ്ലാന്റുകളിൽ നിന്ന് അതത് ജില്ലകളിലേക്ക് തടസ്സമില്ലാതെ ഓക്സിജൻ ലഭ്യമാക്കും.
വിവിധ സംസ്ഥാനങ്ങളിലെ ജില്ലാ ആസ്ഥാനങ്ങളിലുള്ള തിരഞ്ഞെടുത്ത ആശുപത്രികളിലാകും പ്ലാന്റ് സ്ഥാപിക്കുക. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം വഴിയാണ് പദ്ധതി നടപ്പാക്കുക.