KERALA
പ്രതിപക്ഷ നേതൃസ്ഥാനം വി.ഡി. സതീശന് കൈമാറാൻ സാധ്യത

തിരുവനന്തപുരം: കനത്ത തകർച്ച നേരിട്ട കോൺഗ്രസിൽ തലമുറ മാറ്റം ഉറപ്പായി. 2016-ൽ ഭരണം കൈവിട്ടതോടെ നേതൃപദവി ഏറ്റെടുക്കാതെ മാറിനിന്ന ഉമ്മൻ ചാണ്ടിയുടെ മാതൃക രമേശ് ചെന്നിത്തലയും പിന്തുടരാനാണ് സാധ്യത. പിണറായിയെ ജനം വീണ്ടും തിരഞ്ഞെടുത്തു എന്ന ജനവിധിയിൽ രമേശ് ചെന്നിത്തല എന്ന പ്രതിപക്ഷ നേതാവിൽ ജനങ്ങളുടെ അവിശ്വാസവുമുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ തന്നെ അടക്കം പറയുന്നു.
ഇടത് കോട്ടയായ പറവൂരിൽനിന്ന് നാല് തവണ തുടർച്ചയായി ജയിച്ച വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായി വരാനാണ് എല്ലാ സാധ്യതയും. ചെന്നിത്തല മാറി നിന്നാൽ അദ്ദേഹത്തിന്റെ പിന്തുണയും സതീശനായിരിക്കും.
21 കോൺഗ്രസ് എം.എൽഎമാരിൽ 10 പേരും ഐ ഗ്രൂപ്പുകാരാണ്. മുതിർന്ന നേതാക്കളിൽ പ്രതിപക്ഷ നേതാവായി പരിഗണിക്കാൻ സാധ്യതയുള്ള മറ്റ് രണ്ട് പേരുകൾ തിരുവഞ്ചൂർ രാധാകൃഷ്ണനും പി.ടി. തോമസുമാണ്.