KERALA
കെ പി സി സി അദ്ധ്യക്ഷസ്ഥാനം ഒഴിയാൻ മുല്ലപ്പളളി സന്നദ്ധത അറിയിച്ചു

തിരുവനന്തപുരം: കെ പി സി സി അദ്ധ്യക്ഷസ്ഥാനം മുല്ലപ്പളളി രാമചന്ദ്രൻ ഒഴിയാൻ സന്നദ്ധത അറിയിച്ചു. രാഷ്ട്രീയകാര്യ സമിതിയോഗം വിളിച്ചുചേർത്തശേഷം തീരുമാനം പ്രഖ്യാപിക്കാനാണ് സാദ്ധ്യത. സാമൂഹ്യ മാദ്ധ്യമങ്ങളിലടക്കം മുല്ലപ്പളളിയുടെ രാജിയ്‌ക്ക് വേണ്ടി കോൺഗ്രസ് പ്രവർത്തകർ മുറവിളി കൂട്ടുന്നതിനിടെയാണ് അദ്ദേഹം രാജിവയ്‌ക്കാനൊരുങ്ങുന്നത്. മേൽത്തട്ടിലെ ആവേശത്തിനപ്പുറം സംഘടനാസംവിധാനം തകർന്നടിഞ്ഞതിന്റെ ചോദ്യങ്ങളാണ് മുല്ലപ്പളളിക്ക് നേരെ ഉയരുന്നത്.
ഉത്തരവാദിത്തം ഏറ്റെടുത്ത് ഒഴിയുന്നതാണ് ഉചിതമെന്ന് ദേശീയ നേതൃത്വവും മുല്ലപ്പളളിയെ അറിയിച്ചെന്നാണ് വിവരം. മുല്ലപ്പളളിയുടെ അന്തിമ തീരുമാനം എന്തെന്ന് അറിഞ്ഞശേഷം മതി തുടർനടപടികൾ എന്നാണ് ഹൈക്കമാൻഡ് നിലപാട്.
മുല്ലപ്പളളിക്ക് പകരം ആര് കെ പി സി സി അദ്ധ്യക്ഷനാകുമെന്ന കാര്യം ഹൈക്കമാൻഡ് തീരുമാനിക്കും. മുല്ലപ്പളളി തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരനെ പരിഗണിക്കാനായിരുന്നു നേരത്തെ ഹൈക്കമാൻഡ് താത്പര്യപ്പെട്ടിരുന്നത്. തന്റെ പ്രസിഡന്റ് സാദ്ധ്യത ഇനിയും അടഞ്ഞിട്ടില്ലാത്തിനാലാണ്, കനത്തതോൽവിയിലും നേതൃത്വത്തിനെതിരെ കെ സുധാകരൻ വിമർശനം ഉന്നയിക്കാത്തത് .