Connect with us

HEALTH

കോവിഡിനെ പടിക്ക് പുറത്താക്കി ഇടമലക്കുടി.ഒന്നര വര്‍ഷത്തിനിടയില്‍ ഒരു കോവി ഡ് രോഗി പോലുമില്ല

Published

on

ഇടുക്കി: കോവിഡ് പ്രതിസന്ധി ഗുരുതരമാവുമ്പോഴും പ്രതിരോധത്തില്‍ മാതൃകയായി ഇടമലക്കുടി പഞ്ചായത്ത്. ഒന്നര വര്‍ഷത്തിനിടയില്‍ ഒരു പോസിറ്റീവ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്ത് കൂടിയാണ് ഇടുക്കി ജില്ലയിലെ ഇടമലക്കുടി. ലോകത്തെ മുഴുവന്‍ വിറപ്പിച്ച കോവിഡിനു ഇതുവരെ പ്രവേശിക്കാന്‍ കഴിയാത്തത് ഇവിടെയാണ്. കഴിഞ്ഞ ഒന്നര വര്‍ഷമായി ഇടമലക്കുടി പഞ്ചായത്തിലെ മൂവായിരത്തോളം പേര്‍ കോവിഡിനെ പടിയ്ക്ക് പുറത്ത് നിര്‍ത്തുന്നു.


സെല്‍ഫ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച കേരളത്തിലെ ആദ്യ പഞ്ചായത്താണ് ഇടമലക്കുടി. കോവിഡിന്റെ ആദ്യ തരംഗത്തില്‍ സ്വീകരിച്ച പ്രതിരോധ നടപടികള്‍ക്ക് ഇപ്പോഴും ഒരു അയവും വരുത്തിയിട്ടില്ല. തെരഞ്ഞെടുപ്പും ഉത്സവങ്ങളും എല്ലാം കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മാത്രം നടത്തുന്നു. പഞ്ചായത്തും ഊരുമൂപ്പന്മാരും ചേര്‍ന്നാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

റേഷന്‍ ഒഴികെയുള്ള സാധനങ്ങളെല്ലാം ആഴ്ചയിലൊരിക്കല്‍ നാട്ടുകാര്‍ ജീപ്പ് വിളിച്ച് പോയി മൂന്നാറില്‍ നിന്ന് വാങ്ങി വരും. കോവിഡ് കാലത്ത് ഈ പതിവ് വേണ്ടെന്ന് നാട്ടുകൂട്ടം ചേര്‍ന്ന് തീരുമാനിച്ചു. പകരം ഒരാള്‍ പോയി ആവശ്യ സാധനങ്ങള്‍ വാങ്ങും. സാധനങ്ങള്‍ വാങ്ങിവരുന്നയാള്‍ രണ്ടാഴ്ചത്തെ നിരീക്ഷണത്തില്‍ പോകും.

പുറത്ത് നിന്ന് മറ്റാര്‍ക്കും ഇടമലക്കുടിയിലേക്ക് പ്രവേശനമില്ല. 26 കുടികളിലായി എണ്ണൂറോളം കുടുംബങ്ങളാണ് ഇടമലക്കുടിയില്‍ ഉള്ളത്. ഈ കുടുംബങ്ങളിലുള്ളവര്‍ക്കല്ലാതെ ആര്‍ക്കും ഇടമലക്കുടിയിലേക്ക് പ്രവേശനമില്ല. പുറത്തുള്ളവര്‍ വരുന്നുണ്ടോ എന്ന് അറിയാന്‍ പഞ്ചായത്തും ഊരുമൂപ്പന്‍മാരും ചേര്‍ന്ന് വഴികളില്‍ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വനംവകുപ്പിന്റെ അനുമതിയില്ലാതെ ആര്‍ക്കും ഇടമലക്കുടിയിലേക്ക് പോകാനാവില്ല. പഞ്ചായത്ത് തീരുമാനം അറിയിച്ചതോടെ കുടികളിലേക്ക് പോകാന്‍ വനംവകുപ്പ് ആര്‍ക്കും പാസ് നല്‍കാതെയായി.

Continue Reading