HEALTH
ജോൺസൺ ആന്റ് ജോൺസണും കോവിഡ് വാക്‌സിൻ ഇന്ത്യയിൽ നിർമ്മിക്കാനൊരുങ്ങുന്നു

ഹൈദരാബാദ്: അമേരിക്കൻ മരുന്ന് നിർമ്മാണ കമ്പനിയായ ജോൺസൺ ആന്റ് ജോൺസണും കോവിഡ് വാക്‌സിൻ ഇന്ത്യയിൽ നിർമ്മിക്കാനൊരുങ്ങുന്നു.
തെലങ്കാന ആസ്ഥാനമായുള്ള ബയോളജിക്കൽ ഇ ലിമിറ്റഡ് എന്ന കമ്പനിയുമായി ചേർന്നാണ് വാക്‌സിൻ നിർമ്മിക്കുക. കമ്പനിയുടെ ‘ജാൻസ്സെൻ’ എന്ന കോവിഡ് 19 വാക്‌സിന് ഇതിനകം അമേരിക്ക, യൂറോപ്, തായ്‌ലാൻഡ്, ദക്ഷിണാഫ്രിക്ക അടക്കം നിരവധി രാജ്യങ്ങൾ ഇതിനകം അംഗീകാരം നൽകിക്കഴിഞ്ഞു.
ആഗോള തലത്തിൽ കോവിഡ് 19 വാക്‌സിൻ വിതരണ ശൃംഖല മെച്ചപ്പെടുത്താൻ ബയോളജിക്കൽ ഇയ്ക്ക് സുപ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് ജോൺസൺ ആന്റ് ജോൺസൺ പ്രതികരിച്ചു. വിവിധ കമ്ബനികളും ആരോഗ്യ സംവിധാനങ്ങളും സർക്കാരുകളുമായുള്ള സഹകരണം ഈ മഹാമാരിയെ അവസാനിപ്പിക്കാൻ കഴിയുമെന്നും കമ്ബനി പ്രതീക്ഷ പ്രകടിപ്പിച്ചു.
‘ജാൻസ്സെൻ കോവിഡ് വാക്‌സിന്റെ ഇന്ത്യയിലെ പരീക്ഷണത്തിനായി കേന്ദ്രസർക്കാരിന്റെ അനുമതിക്കായി ചർച്ചകൾ നടക്കുകയാണെന്നും കമ്ബനി വ്യക്തമാക്കി. നിലവിൽ കോവിഷീൽഡ്, കോവാക്‌സിൻ, റഷ്യയുടെ സ്പുട്‌നിക് V എന്നീ വാക്‌സിനുകൾക്കാണ് ഇന്ത്യയിൽ അനുമതിയുള്ളത്.