HEALTH
30നു ശേഷം ലോക്ക് ഡൗണ്‍ നീട്ടണോ എന്ന കാര്യത്തില്‍ ഇന്ന് നിര്‍ണായകമായ തീരുമാനം

തിരുവനന്തപുരം: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗം ഇന്നു ചേരും. സംസ്ഥാനത്തെ കൊവിഡ് 19 പ്രത്യേക നിയന്ത്രണങ്ങളും ലോക്ക് ഡൗണ്‍ പിന്‍വലിക്കലും യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് റിപ്പോര്‍ട്ട്. വെല്‌ളിയാഴ്ച ഗവര്‍ണര്‍ നിയമസഭയില്‍ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന കരടിനു അംഗീകാരം നല്‍കുകയാണ് മന്ത്രിസഭാ യോഗത്തിന്റെ പ്രധാന അജണ്ട.
സംസ്ഥാനത്ത് പ്രതിദിന കൊവിഡ് 19 കേസുകളുടെ എണ്ണത്തില്‍ കുറവു വന്ന സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ മെയ് 30നു ശേഷം ലോക്ക് ഡൗണ്‍ നീട്ടണോ എന്ന കാര്യത്തില്‍ നിര്‍ണായകമായ തീരുമാനം ഇന്നത്തെ യോഗത്തിലുണ്ടാകും. ലോക്ക് ഡൗണ്‍ ഇളവുകളുടെ ഭാഗമായി മദ്യശാലകള്‍ തുറക്കണമെന്ന് ബെവ്‌കോ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ബെവ്ക്യൂ ആപ്പ് വഴിയുള്ള ടോക്കണ്‍ സംവിധാനം വീണ്ടും കൊണ്ടുവരണമെന്ന എക്‌സൈസ് വകുപ്പിന്റെ ആവശ്യവും സര്‍ക്കാര്‍ പരിഗണിക്കും.
ലോക്ക് ഡൗണ്‍ മൂലം കൊവിഡ് 19 വ്യാപനം കുറഞ്ഞെന്നും എന്നാല്‍ മരണസംഖ്യ ഏതാനും ദിവസം കൂടി ഉയര്‍ന്ന നിലയില്‍ തുടരുമെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ലോക്ക് ഡൗണ്‍ ഫലം ചെയ്‌തോ എന്ന് മെയ് മാസത്തിനു ശേഷം അറിയാമെന്നായിരുന്നു ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ പ്രതികരണം.
നിലവില്‍ സംസ്ഥാനത്ത് മലപ്പുറം ജില്ലയില്‍ മാത്രം ട്രിപ്പിള്‍ ലോക്ക് ഡൗണും 13 ജില്ലകളിലും ലോക്ക് ഡൗണുമാണ് ഉള്ളത്. രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ എറണാകുളം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നീക്കുകയായിരുന്നു. ടിപിആര്‍ കുറയാത്ത സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങളും പരിശോധനയും തുടരുകയാണ്.