Connect with us

NATIONAL

ഈ അധിക്ഷേപം നിർത്തണം. ബംഗാളിനു വേണ്ടി മോദിയുടെ കാലുപിടിക്കാനും തയാറെന്നു മമത

Published

on

ഈ അധിക്ഷേപം നിർത്തണം. ബംഗാളിനു വേണ്ടി മോദിയുടെ കാലുപിടിക്കാനും തയാറെന്നു മമത

കൊല്‍ക്കത്ത: ബംഗാളിലെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രധാനമന്ത്രി കാലുപിടിക്കാന്‍ ആവശ്യപ്പെട്ടാല്‍ അതും ചെയ്യാന്‍ തയ്യാറാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതുകൊണ്ടാണോ തങ്ങളോട് എല്ലായ്‌പ്പോഴും കലഹിച്ചുകൊണ്ടിരിക്കുന്നതെന്ന് ചോദിച്ച മമത തന്നെ അധിക്ഷേപിക്കരുതെന്നും ആവശ്യപ്പെട്ടു.
‘ബംഗാളിനാണ് ഞാന്‍ പ്രഥമപരിഗണന നല്‍കുന്നത്. ബംഗാളിനെ ഒരിക്കലും ഞാന്‍ അപകടത്തിലാക്കില്ല. ഇവിടെയുളള ജനങ്ങള്‍ക്ക് മുഴുവന്‍ വേണ്ടി ഒരു കാവല്‍ക്കാരിയായി ഞാന്‍ തുടരും. ബംഗാളിലെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രധാനമന്ത്രി എന്നോട് കാലുപിടിക്കാന്‍ ആവശ്യപ്പെടുകയാണെങ്കില്‍ അതുചെയ്യാനും ഞാന്‍ തയ്യാറാണ്. പക്ഷേ എന്നെ അധിക്ഷേപിക്കരുത്.
എനിക്ക് മറ്റൊരു യോഗത്തില്‍ പങ്കെടുക്കേണ്ടതുണ്ടായിരുന്നു. പ്രധാനമന്ത്രി എന്നെ അവഹേളിച്ചു, എന്റെ പ്രതിച്ഛായ തകര്‍ക്കുന്നതിന് വേണ്ടി ട്വീറ്റുകള്‍ ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ ഒരു ഭാഗത്തുനിന്നുമാത്രമുളള വിവരം പ്രചരിപ്പിച്ചുകൊണ്ട് അവരെന്നെ അധിക്ഷേപിച്ചു. ദയവുചെയ്ത് എന്നെ അധിക്ഷേപിക്കരുത്.’ വെര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കവേ മമത പറഞ്ഞു.
യാസ് ചുഴലിക്കാറ്റ് നാശംവിതച്ച പശ്ചിമബംഗാളില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച അവലോകനയോഗത്തില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി മമതാ ബാനര്‍ജി മടങ്ങിയതിനു പിന്നാലെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ പോരുതുടങ്ങിയിരുന്നു. പ്രധാനമന്ത്രിക്കൊപ്പം കഷ്ടിച്ച് 15 മിനിറ്റ് മാത്രം ചെലവഴിച്ച മമത അദ്ദേഹത്തിന് നാശനഷ്ടം സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയശേഷം യാസ് ബാധിതപ്രദേശമായ ദിഗയിലേക്കുപോയി. ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരും അവരെ അനുഗമിച്ചിരുന്നു.രാത്രിയോടെ ചീഫ് സെക്രട്ടറി ആലോപന്‍ ബന്ദോപാധ്യായയെ കേന്ദ്രസര്‍വീസിലേക്ക് തിരിച്ചയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടു. ഇതിന്റെ പശ്ചാത്തലത്തിലാണ് മമതയുടെ പ്രതികരണം.
‘എന്നെ ഇതുപോലെ അധിക്ഷേപിക്കരുത്. ഞങ്ങള്‍ക്ക് വളരെ മികച്ച വിജയമാണ് നേടാനായത്. അതുകൊണ്ടാണോ നിങ്ങള്‍ ഇങ്ങനെ പെരുമാറുന്നത്? നിങ്ങള്‍ എല്ലാവഴിയും നോക്കി, പക്ഷേ പരാജയപ്പെട്ടു. എന്തുകൊണ്ടാണ് ഞങ്ങളോട് എന്നും കലഹിച്ചുകൊണ്ടിരിക്കുന്നത്?’ മമത ചോദിച്ചു.
പ്രധാനമന്ത്രിയുടെ യോഗത്തില്‍ പങ്കെടുക്കാത്ത മുഖ്യമന്ത്രിയുടെ നടപടി ജനാധിപത്യമര്യാദകള്‍ക്ക് നിരക്കാത്തതാണെന്ന് ഗവര്‍ണറും ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നഡ്ഡയും ആഭ്യന്തരമന്ത്രി അമിത് ഷായും കുറ്റപ്പെടുത്തി. എന്നാല്‍, ദിഗയിലെ തന്റെ സന്ദര്‍ശനം മുന്‍കൂട്ടി തീരുമാനിച്ചതാണെന്നും പ്രധാനമന്ത്രിയുടെ അനുമതിവാങ്ങിയാണ് താന്‍ പോയതെന്നും മമത പിന്നീട് വിശദീകരിച്ചു.ഗവര്‍ണര്‍ ജഗദീപ് ധന്‍ഖറും ജലവിഭവ മന്ത്രിയും പ്രതിപക്ഷ നേതാവ് ശുഭേന്ദു അധികാരിയുമടക്കമുള്ളവര്‍ മാത്രമാണ് അവലോകന യോഗത്തില്‍ അവശേഷിച്ചത്.
അടുത്തിടെ, കോവിഡ് അവലോകനയോഗത്തില്‍ മുഖ്യമന്ത്രിമാരെ സംസാരിക്കാന്‍ അനുവദിക്കാതെ മോദി അപമാനിച്ചതായി മമത ആരോപിച്ചിരുന്നു.

Continue Reading