Connect with us

HEALTH

മൂന്ന് വയസ് കഴിഞ്ഞ കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി

Published

on

ബീജിങ്: മൂന്ന് വയസ് കഴിഞ്ഞ കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി ചൈന. മൂന്ന് വയസിനും 17 വയസിനും ഇടയില്‍ പ്രായമുള്ളവരില്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി വാക്‌സിന് ലഭിച്ചതായി മരുന്ന് നിര്‍മ്മാണ കമ്പനിയായ സിനോവാക്കിന്റെ ചെയര്‍മാന്‍ യിന്‍ വെയ്‌ഡോങ്ങാണ് അറിയിച്ചത്.
‘എന്നാല്‍ വാക്‌സിന്‍ എപ്പോള്‍ അടിയന്തര ഉപയോഗത്തിന് എത്തുമെന്നും എത്ര പ്രായമുളള കുട്ടികളിലാണ് ആദ്യം കുത്തിവെക്കേണ്ടത് എന്നതിലും ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന്’ സിനോവാക് ചെയര്‍മാന്‍ പറഞ്ഞതായി ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കൊറോണവാക് വാക്‌സിന്റെ ആദ്യ രണ്ട് ഘട്ട പരീക്ഷണങ്ങള്‍ സിനോവാക് പൂര്‍ത്തിയാക്കിയിരുന്നു.
കൊറോണവാകിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തില്‍ മൂന്നിനും 17നും ഇടയില്‍ പ്രായമുള്ള നൂറുകണക്കിനുപേര്‍ ഭാഗമായിരുന്നു. മുതിര്‍ന്നവര്‍ക്ക് എന്നതുപോലെ വാക്‌സിന്‍ കുട്ടികള്‍ക്കും സുരക്ഷിതവും കാര്യക്ഷവുമാണെന്ന് കണ്ടെത്തിയെന്നും സിനോവാക് ചെയര്‍മാന്‍ ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ (സിസിടിവി)യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നേരത്തെ പറഞ്ഞു.
ചൈനയുടെ രണ്ടാമത്തെ കൊവിഡ് വാക്‌സിന് ജൂണ്‍ ഒന്നിന് ലോകാരോഗ്യ സംഘടന അനുമതി നല്‍കിയിരുന്നു. ഈ വാക്‌സിന്‍ ചൈനയുടെ വാക്‌സിന്‍ നയതന്ത്രം ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ ചൈനയുടെ സിനോഫാം വാക്‌സിനും ലോകാരോഗ്യ സംഘടന അനുമതി നല്‍കിയിരുന്നു.
രാജ്യത്തുടനീളമായി ഇതുവരെ 763 മില്യണ്‍ ഡോസ് വാക്‌സിന്‍ കുത്തിവെച്ചെന്നാണ് ചൈനയിലെ നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ പറയുന്നത്. രാജ്യത്ത് അഞ്ച് വാക്‌സിനുകള്‍ക്കാണ് ഇതുവരെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുള്ളത്.

Continue Reading