Crime
വയനാട്ടില്‍ മുഖംമൂടിധാരികളുടെ ആക്രമണത്തില്‍ വയോധികരായ ദമ്പതികൾ കൊല്ലപ്പെട്ടു

വയനാട് : വയനാട്ടില്‍ മുഖംമൂടിധാരികളുടെ ആക്രമണത്തില്‍ വയോധികരായ ദമ്പതികൾ കൊല്ലപ്പെട്ടു. അക്രമത്തിനിടെ വൃദ്ധൻ ഇന്നലെ രാത്രി തന്നെ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തില്‍ ഗുരുതരമായിപരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു
പനമരം നെല്ലിയമ്പം കവാടത്ത് ഇന്നലെ കൊല്ലപ്പെട്ട പത്മാലയത്തില്‍ കേശവന്‍ മാസ്റ്ററുടെ ഭാര്യ പത്മാവതിയാണ് ഇന്ന് മരിച്ചത്. വയനാട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. കേശവന്‍ മാസ്റ്റര്‍ സംഭവ സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടിരുന്നു.
വ്യാഴാഴ്ച രാത്രി 8 മണിയോടെയായിരുന്നു മുഖം മൂടി അണിഞ്ഞെത്തിയ സംഘമാണ് ഒറ്റപ്പെട്ട വീട്ടില്‍ തനിച്ച് കഴിയുന്ന ദമ്പതികളെ വീട്ടില്‍ കയറി ആക്രമിച്ചത്. ശബ്ദം കേട്ട് അയല്‍ക്കാര്‍ എത്തിയപ്പോഴേക്കും അജ്ഞാത സംഘം ഓടി രക്ഷപ്പെടുകയായിരുന്നു.
പത്മാവതിയുടെ ഉച്ചത്തിലുള്ള അലര്‍ച്ച കേട്ടാണ് നാട്ടുകാര്‍ വീട്ടിലേക്ക് ശ്രദ്ധിക്കുന്നത്. ഈ സമയം നിലവിളിച്ച് കൊണ്ട് പുറത്തേക്ക് ഓടി വരികയായിരുന്നു എന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. നാട്ടുകാര്‍ സംഭവ സ്ഥലത്തേക്ക് ഓടിയെത്തുമ്പോഴേക്കും രണ്ടു മുഖം മൂടി ധാരികള്‍ ഓടി രക്ഷപ്പെടുന്നത് കണ്ടെന്നും നാട്ടുകാര്‍ വ്യക്തമാക്കുന്നു.
കവര്‍ച്ചാ ശ്രമമായിരിക്കാം ആക്രമണത്തിനിടയാക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. റിട്ടയേര്‍ഡ് അധ്യാപകനാണ് കേശവന്‍ മാസ്റ്റര്‍. ഭാര്യ പത്മാവതി വീട്ടമ്മയുമാണ്.