HEALTH
കൊവിഡ് മരണനിരക്ക് മനപൂര്‍വമായി മറച്ചുവയ്ക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാര്‍ കൊവിഡ് മരണനിരക്ക് മനപൂര്‍വമായി മറച്ചുവയ്ക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സുതാര്യമാണെന്ന് ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായാണ് നേരത്തെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കാലതാമസം ഉണ്ടായത്. പുതിയ സര്‍ക്കാര്‍ വന്ന ശേഷം ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതോടെ മരണം 24 മണിക്കൂറിനുള്ളില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
രോഗികളെ പരിശോധിച്ച ഡോക്‌ടര്‍മാര്‍ തന്നെയാണ് മരണം സ്ഥിരീകരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് ഐ സി എം ആര്‍ മാര്‍ഗനിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് മരണം നിശ്ചയിക്കുന്നത്. ഈ മാര്‍ഗനിര്‍ദേശത്തില്‍ സംസ്ഥാനം പുതുതായി ഒന്നും കൂട്ടിച്ചേര്‍ക്കുകയോ കുറയ്ക്കുകയോ ചെയ്‌തിട്ടില്ല. സംസ്ഥാനങ്ങള്‍ക്ക് ഇതില്‍ മാറ്റം വരുത്താനാവില്ല. നേരത്തെയുണ്ടായ മരണങ്ങളില്‍ പരാതിയുണ്ടെങ്കില്‍ നിശ്ചയമായും പരിശോധിച്ച് പരിഹാരം കാണും. ഇതിനായി ഓഫീസുകള്‍ കയറി ഇറങ്ങേണ്ട സാഹചര്യമുണ്ടാവില്ല. പരാതിയുണ്ടെങ്കില്‍ ഒരു മെയില്‍ അയച്ചാല്‍ മതിയെന്നും വീണ ജോർജ് വ്യക്തമാക്കി.
സര്‍ക്കാരിന് മരണം മറച്ചുവയ്‌ക്കേണ്ട കാര്യമില്ലാത്തതിനാലാണ് ഇപ്പോള്‍ സംവിധാനം സുതാര്യമാക്കിയത്. കോവിഡിന്‍റെ രണ്ടാം തരംഗത്തിലും സംസ്ഥാനത്ത് മരണനിരക്ക് ഗണ്യമായി കുറയ്ക്കാനായിട്ടുണ്ട്. ഏതെങ്കിലും മരണം റിപ്പോര്‍ട്ട് ചെയ്‌തതില്‍ വീഴ്‌ചയുണ്ടായിട്ടുണ്ടെങ്കില്‍ ആവശ്യമായ നടപടി സ്വീകരിക്കും. സഹായങ്ങള്‍ അര്‍ഹരായ എല്ലാവര്‍ക്കും ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും വീണ ജോര്‍ജ്ജ് പറഞ്ഞു